വൈഗയെ പാടിയുണര്‍ത്തിയ നൈഗ ഇനി വെള്ളിത്തിരയില്‍; 'പപ്പ' വിജയകരമായി പ്രദര്‍ശനം തുടരുന്നു

വൈഗയെ പാടിയുണര്‍ത്തിയ നൈഗ ഇനി വെള്ളിത്തിരയില്‍; 'പപ്പ' വിജയകരമായി പ്രദര്‍ശനം തുടരുന്നു

വെല്ലിങ്ടണ്‍: തളര്‍ന്നുപോയ ഇരട്ട സഹോദരി വൈഗയെ പാടി ഉണര്‍ത്തിയ നൈഗ ഇനി വെള്ളിത്തിരയില്‍. ആദ്യമായി ന്യൂസിലാന്‍ഡില്‍ ചിത്രീകരിച്ച് ന്യൂസിലാന്‍ഡില്‍ റിലീസ് ചെയ്ത മലയാള ചിത്രം 'പപ്പ'യിലാണ് നൈഗ പ്രധാന വേഷത്തിലെത്തുന്നത്.

ന്യൂസിലാന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ചിത്രം ഡിസംബര്‍ ഒന്ന് മുതല്‍ ന്യൂസിലാന്‍ഡില്‍ പ്രദര്‍ശനം തുടരുകയാണ്. തീര്‍ത്തും കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നൈഗയുടെ വേഷം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

യൂടൂബില്‍ വൈറല്‍... പിന്നെ കോമഡി ഉത്സവത്തിലും

ന്യൂസിലാന്‍ഡ് മലയാളികളും കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ കടുമേനി സ്വദേശികളുമായ സനു സിദ്ധാര്‍ഥ്- ഷോഗ ദമ്പതികളുടെ ഇരട്ടകുട്ടികളാണ് വൈഗയും നൈഗയും. കുട്ടികള്‍ക്ക് ഒന്നര വയസായപ്പോഴാണ് കുടുംബം ന്യൂസിലാന്‍ഡിലേക്ക് താമസം മാറുന്നത്. എന്നാല്‍ സന്തോഷത്തിന്റെ നാളുകള്‍ക്കിടെ ആറാം വയസില്‍ കുഞ്ഞു വൈഗയ്ക്ക് പനി പിടിച്ചു. പിന്നീട് അത് ന്യൂമോണിയ ആയി മാറി. ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതോടെ വൈഗയുടെ ഒരു ഭാഗം തളര്‍ന്നു. ബ്രെയിന്‍ സെല്ലുകള്‍ മരിച്ചു തുടങ്ങിയതോടെ ഇനി പ്രതീക്ഷ വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. മൂന്ന് തവണ ബ്രെയിന്‍ ഡെത്ത് വിധിച്ച സ്ഥാനത്തു നിന്നും വൈഗ ഉയര്‍ത്തെഴുന്നേറ്റത് ഇരട്ട സഹോദരി നൈഗയുടെയും കുടുംബാംഗങ്ങളുടെയും പ്രാര്‍ഥന കൊണ്ടാണ്. ഓപ്പണ്‍ സ്‌കള്‍ സര്‍ജറിയിലൂടെ വൈഗ ജീവിതത്തിലേക്ക് തിരികെ വന്നു. വൈഗയെ സ്വാഭാവിക ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്നതിനായി നൈഗയും അവള്‍ക്കൊപ്പം നിലകൊണ്ടു.

ഇവരുടെ ജീവിതത്തിലെ ഈ അനുഭവങ്ങളും കെ.എസ്. ചിത്ര ആലപിച്ച ഗാനവും ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ വീഡിയോ ആല്‍ബത്തിലൂടെയാണ് ഇരുവരും പുറം ലോകം അറിയുന്നവരാകുന്നത്. വീഡിയോ ആല്‍ബത്തിലെ 'മിഴി നിറഞ്ഞു മനം മുറിഞ്ഞു' എന്ന പാട്ട് ഹിറ്റായി.

ഇതോടെ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിലും ഇരുവരും ക്ഷണിക്കപ്പെട്ടു. ഇവരുടെ ജീവിത കഥ ഇതോടെ ലോക മലയാളികള്‍ കണ്ടു. ഈ ഷോയിലാണ് നൈഗയെ സിനിമയിലെടുത്ത വിവരം അനൗണ്‍സ് ചെയ്യുന്നതും. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും സിനിമയുടെ ഷൂട്ട് നീണ്ടു.ഒടുവില്‍ പപ്പ എന്ന സിനിമ ന്യൂസിലാന്‍ഡിലെ തീയേറ്ററുകളിലെത്തി. ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ന്യൂസിലന്‍ഡില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മുമ്പ് ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച 'ഹണ്ട്രട്ട്' എന്ന ചിത്രത്തിന്റെ സംവിധാനവും ക്യാമറായും നിര്‍വഹിച്ചതും ഈ ചിത്രത്തിന്റെ സംവിധായകന്‍ ഷിബു ആന്‍ഡ്രൂസാണ്.

രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ എജ് ഫിലിംസിനും വിന്‍വിന്‍ എന്റര്‍ടൈന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ നിര്‍മിച്ചതാണ് ചിത്രം.

ദുല്‍ഖര്‍ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേല്‍, ആര്‍.ജെ മഡോണ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ ആന്റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോള്‍ നായികയായും എത്തുന്നു.

ന്യൂസിലന്‍ഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് പപ്പ പറയുന്നത്. അച്ഛനും അമ്മയും മകളും മാത്രമുള്ള ഒരു കുടുംബം. പെട്ടൊരു ദിവസം അവരുടെ ഒരേയൊരു മകള്‍ എവിടെയോ പോയ് മറഞ്ഞു. ഇതോടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വ്യക്തി ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന മലയാളികള്‍ക്ക് വലിയൊരു നൊമ്പരമായി പപ്പ എന്ന ചിത്രം മാറുമെന്ന് സംവിധായകന്‍ ഷിബു ആന്‍ഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും 'പപ്പ' എന്ന ചിത്രത്തെ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാക്കി മാറ്റുന്നു.

ഗോള്‍ഡന്‍ ഏജ് ഫിലിംസിനും വിന്‍വിന്‍ എന്റര്‍ടൈന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് പപ്പ. സംഭാഷണം-അരുദ്ധതി നായര്‍. ഗാനങ്ങള്‍- എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ദിവ്യശ്രീ നായര്‍. സംഗീതം - ജയേഷ് സ്റ്റീഫന്‍. ആലാപനം - സിത്താര, നരേഷ് അയ്യര്‍, നൈഗ സാനു, എഡിറ്റിങ്, കളറിങ് - നോബിന്‍ തോമസ്. അസോസിയേറ്റ് ഡയറക്റ്റര്‍ - ജീവന്‍ മാത്യൂസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീജ ജോര്‍ജ്. സ്റ്റില്‍- രവിശങ്കര്‍ വേണുഗോപാല്‍, സനീഷ് തോമസ്, സുകേഷ് ഭദ്രന്‍. പോസ്റ്റര്‍ ഡിസൈന്‍- ഒ.സി. രാജു. പി.ആര്‍.ഒ- അയ്മനം സാജന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.