അഗസ്റ്റ വെസ്റ്റ്‌ലാന്റ്: വിദേശി ആയതുകൊണ്ടുമാത്രം ഒരാളുടെ ജാമ്യം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി

അഗസ്റ്റ വെസ്റ്റ്‌ലാന്റ്: വിദേശി ആയതുകൊണ്ടുമാത്രം ഒരാളുടെ ജാമ്യം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദേശി ആയതുകൊണ്ടു മാത്രം ഒരാളുടെ വ്യക്തി സ്വാതന്ത്രം ഹനിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജാമ്യ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

സിബിഐ, ഇഡി എന്നീ അന്വേഷണങ്ങള്‍ നേരിടുന്ന മിഷേലിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിനായി ഒരു കുറിപ്പ് തയാറാക്കി നല്‍കാന്‍ അഭിഭാഷകരോട് നിര്‍ദേശിച്ച സുപ്രിം കോടതി വിദേശിയായത് കൊണ്ട് മാത്രം മിഷേലിന് ജാമ്യം നിഷേധിക്കാനാകുമോ എന്നും ആരാഞ്ഞു. ഹര്‍ജി വീണ്ടും ജനുവരി രണ്ടാം വാരം പരിഗണിക്കുന്നതിനായി മാറ്റി.

കേസില്‍ പരമാവധി ശിക്ഷാ കാലവധി അഞ്ച് വര്‍ഷം ആയിരിക്കേ ക്രിസ്റ്റ്യന്‍ മിഷേല്‍ ഇതിനോടകം നാല് വര്‍ഷത്തെ ജയില്‍ വാസം പൂര്‍ത്തിയാക്കിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

2018ലാണ് ക്രിസ്റ്റിയന്‍ മിഷേലിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയിട്ട് തന്നെ ഒന്‍പത് വര്‍ഷം പിന്നിട്ടു. സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദേശിയായത് കൊണ്ട് മാത്രം ഒരാള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ കഴിയില്ല. ഉപാധികളോടെ ആണെങ്കിലും ജാമ്യം നല്‍കാവുന്നതല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അഭിഭാഷകരായ അല്‍ജോ ജോസഫ്, എം.എസ് വിഷ്ണു ശങ്കര്‍, ശ്രീറാം പ്രക്കാട്ട് എന്നിവര്‍ ക്രിസ്റ്റിയന്‍ മിഷേലിനായി ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.