നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും സുപ്രീം കോടതി നിര്‍ദേശം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം; കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും നിര്‍ദേശിച്ചു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച മോദി സര്‍ക്കാരിന്റെ 2016 നവംബര്‍ എട്ടിലെ നടപടി ചോദ്യം ചെയ്തുള്ള 58 ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയ കോടതി കൂടുതല്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ പത്തിനകം എഴുതി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ്.എ നസീറിന്റെ നേതൃത്വത്തിലുള്ള ഭരണഘനടാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

രേഖകള്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കടരമണി കോടതിയെ അറിയിച്ചു. എജിയുടെയും ആര്‍ബിഐയുടെയും വാദങ്ങള്‍ കോടതി വിശദമായി കേട്ടു. സീനിയര്‍ അഭിഭാഷകരായ ശ്യാം ധവാന്‍, പി. ചിദംബരം എന്നിവരും വാദങ്ങള്‍ അവതരിപ്പിച്ചു.

സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ കോടതിക്കു പരിമിതമായ റോളേ ഉള്ളൂ എന്നതിന് എല്ലാം കൈയും കെട്ടി നോക്കിനില്‍ക്കുക എന്നല്ല അര്‍ഥമെന്ന് കഴിഞ്ഞ ദിവസം ബെഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്ന പ്രക്രിയ പരിശോധനാ വിധേയമാക്കുമെന്ന് കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.