ഹിമാചലിലെ ഏക മണ്ഡലവും സിപിഎമ്മിനെ കൈവിട്ടു; തിയോഗില്‍ വിജയം കോണ്‍ഗ്രസിന്

ഹിമാചലിലെ  ഏക മണ്ഡലവും സിപിഎമ്മിനെ കൈവിട്ടു; തിയോഗില്‍ വിജയം കോണ്‍ഗ്രസിന്

തിയോഗ്: ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന്റെ ഏക സീറ്റായ തിയോഗ് മണ്ഡലം ഇത്തവണ പാര്‍ട്ടിയെ കൈവിട്ടു. 2017 ല്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും തറപറ്റിച്ച് വിജയക്കൊടി പാറിച്ച സിപിഎമ്മിലെ രാകേഷ് സിന്‍ഹയ്ക്ക് ഇത്തവണ അടി പതറി.

രാകേഷ് സിന്‍ഹയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിംഗ് റാത്തോറിനോട് ഇത്തവണ പരാജയമേറ്റു വാങ്ങേണ്ടി വന്നു. റാത്തോര്‍ 3404 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. കോണ്‍ഗ്രസ് മണ്ഡലമായിരുന്ന തിയോഗില്‍ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു കഴിഞ്ഞ തവണ രാകേഷ് സിന്‍ഹ വിജയിച്ചത്.

കോണ്‍ഗ്രസിന് വേണ്ടി ദീപക് രാഹോറായിരുന്നു മത്സരിച്ചത്. ബിജെപിക്ക് വേണ്ടി രാകേഷ് വര്‍മ്മയും രംഗത്തിറങ്ങി. ഒടുവില്‍ 24,791 വോട്ടുകള്‍ക്ക് രാകേഷ് സിന്‍ഹ മണ്ഡലം പിടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകള്‍ മാത്രമാണ് അന്ന് നേടാന്‍ സാധിച്ചത്. കോണ്‍ഗ്രസിലെ പടലപിണക്കങ്ങളായിരുന്നു മണ്ഡലത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത്.

ഇത്തവണ വിമതരുടെ വരവോടെയാണ് മണ്ഡലത്തില്‍ മത്സരം കടുത്തത്. മുന്‍ ബിജെപി എംഎല്‍എയും മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന രാകേഷ് വര്‍മ്മയുടെ ഭാര്യ ഇന്ദു വര്‍മ്മയായിരുന്നു ഒരു സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ സീറ്റ് വേണമെന്നുള്ള താത്പര്യം അവര്‍ നേരത്തേ നേതൃത്വത്തെ അറിയിച്ചുവിരുന്നുവെങ്കിലും ബിജെപി അജയ് ശ്യാമിന് സീറ്റ് നല്‍കുകയായിരുന്നു.

അതോടെ ഇന്ദു വര്‍മ്മ വിമത സ്ഥാനാര്‍ത്ഥിയായി. ഇത് കൂടാതെ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുടെ മകനുമായ വിജയ്പാല്‍ ഖാച്ചിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങി. വോട്ടെടുപ്പിന്റെ തുടക്കത്തില്‍ രാകേഷ് സിന്‍ഹയായിരുന്നു ലീഡ് ചെയ്തത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതാവ് റാത്തോഡിന് ലീഡ് തിരിച്ചുപിടിക്കാനായി.

മാത്രമല്ല രാകേഷ് സിന്‍ഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കുല്‍ദീപ് സിംഗ് റാത്തോറിന് 13971 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി അജയ് ശ്യം 10567 വോട്ടുകള്‍ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.