തിരുവനന്തപുരം: ഇറാന്‍ ഭരണകൂടം യാത്രാനുമതി നിക്ഷേധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഇറാനിയന്‍ സിനിമ സംവിധായിക മഹ്നാസ് മുഹമ്മദി തന്റെ മുടി മുറിച്ച് സുഹൃത്തിന്റെ കൈവശം കൊടുത്തു വിട്ട് പ്രതിഷേധമറിയിച്ചു. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് മഹ്നാസ് മുഹമ്മദി.
തന്റെ സഹനത്തിന്റെ പ്രതീകമായി മുറിച്ചെടുത്ത മുടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരിയുടെ കൈവശമാണ് മഹ്നാസ് കൊടുത്തയച്ചത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മഹ്നാസിനെ ആദരിച്ചു. അവരുടെ അസാന്നിധ്യത്തില്‍ അതീന റേച്ചല്‍ സംഗാരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അതീന വേദിയില്‍ വെച്ച് മഹ്നാസിന്റെ മുറിച്ച മുടിത്തുമ്പ് ഉയര്‍ത്തിക്കാട്ടി. നിറഞ്ഞ കൈയടിയോടെയാണ് സദസ് ഇതിനോട് പ്രതികരിച്ചത്. ജൂറി ചെയര്‍മാനും ജര്‍മ്മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത് മന്ത്രി ആന്റണി രാജുവിന് നല്‍കി നിര്‍വഹിച്ചു.
ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി. ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, അഡ്വ.വി.കെ പ്രശാന്ത് എംഎല്‍എ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടറും അക്കാദമി സെക്രട്ടറിയുമായ സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.