പി.ടി.ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

പി.ടി.ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. സുപ്രീം കോടതി മുന്‍ ജഡ്ജ് എല്‍. നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുത്തത്.

95 വര്‍ഷത്തെ ചരിത്രമുള്ള ഐഒഎയില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും അന്‍പത്തിയെട്ടുകാരിയായ ഉഷ. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. 1938 മുതല്‍ 1960 വരെ ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ല്‍ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ കളിച്ചിരുന്നു എന്നത് മാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായിക ബന്ധം.

ഒളിംപിക്‌സ് താരവും രാജ്യാന്തര മെഡല്‍ ജേതാവും പരിശീലകയായും 46 വര്‍ഷം കായികമേഖലയ്ക്കായി ഒഴിഞ്ഞുവച്ചതാണ് പി.ടി.ഉഷയുടെ ജീവിതം. അത്‌ലറ്റിക്‌സില്‍ നൂറിലേറെ രാജ്യാന്തര മെഡലുകള്‍ നേടുകയും രണ്ട് ഒളിംപ്യന്മാരടക്കം എട്ട് രാജ്യാന്തര കായികതാരങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്ത ഉഷയെ ജൂലൈയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.

അര്‍ജുന അവാര്‍ഡും പത്മശ്രീ പുരസ്‌കാരവും പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഉഷയെ തേടിയെത്തിയിരുന്നു. അത്ലറ്റിക്‌സിലെ സമഗ്രസംഭാവനയ്ക്കു ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നല്‍കുന്ന 'വെറ്ററന്‍ പിന്‍' അംഗീകാരത്തിന് ഉഷ അര്‍ഹയായത് 3 വര്‍ഷം മുന്‍പാണ്. ഒളിംപിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിതയായ പി.ടി.ഉഷ, രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.