ബെയ്‌ജിങ്: ബ്രിട്ടീഷുകാരനായ അച്ഛനും ചൈനക്കാരിയായ അമ്മയ്ക്കുമൊത്ത് രണ്ട് ചെറുപ്പക്കാർ ചൈനയിലെ പ്രശസ്തമായ വൻമതിൽ മുഴുവൻ നീളത്തിലും ഓടിതീർക്കാനുള്ള പരിശ്രമത്തിലാണ്. ജിമ്മി ലിൻഡസെയും ടോമി ലിൻഡസെയുമാണ് മുമ്പ് ഒട്ടേറെ പേർ ശ്രമിച്ച് പൂർത്തികരിക്കാൻ കഴിയാത്ത ലക്ഷ്യത്തിന്റെ മധ്യത്തിലെത്തി നിൽക്കുന്നത്.
മരുഭൂമികളിലൂടെയും പർവതങ്ങളിലൂടെയും അപകടകരമായ തകർന്നുകിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിലും കഴിഞ്ഞ ആറ് മാസമായി എല്ലാ ദിവസവും നടത്തുന്ന മാരത്തണിലൂടെ ഇവർ ലക്ഷ്യം പൂർത്തിയാക്കുകയാണ്.
തങ്ങളുടെ ചെറുപ്പകാലം മുതലുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഈ യാത്രയെന്ന് ജിമ്മി ലിൻഡസെ പറയുന്നു. തങ്ങൾ വളരെ ചെറുപ്പ കാലം മുതൽ ചൈനയിലെ വന്മതിൽ സന്ദർശിക്കുന്നവരാണ്. ഏകദേശം തന്റെ നാലാം വയസ് മുതലും സഹോദരൻ ടോമി ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിലും വൻമതിൽ സന്ദർശിച്ച് തുടങ്ങിയതാണെന്നും ജിമ്മി വിശദീകരിക്കുന്നു.
അത്തരമൊരു യാത്ര എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് മിക്ക ആളുകൾക്കും അറിയില്ല. പക്ഷേ ജിമ്മിയും ടോമി ലിൻഡസെയും വളർന്നത് തന്നെ ഏകദേശം 35 വർഷം മുമ്പ് 1988 ൽ ഇതേ യാത്ര നടത്തിയ അവരുടെ പിതാവിന്റെ പരിശീലനത്തിന്റെ കീഴിലാണ്.
വളരെ ബുദ്ധിമുട്ടുള്ള ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെ ശരീരത്തിനും മനസിനും കൂടുതൽ ദൃഢതയും നല്ല വ്യക്തിത്വവും വളർത്തിയെടുക്കാൻ സാധിക്കുമെന്ന് ടോമി ലിൻഡസെയും വ്യക്തമാക്കി. വൻമതിൽ ഓടി പൂർത്തിയാക്കിയ ശേഷം തങ്ങൾക്ക് പുതിയ സാഹസിക യാത്രകൾ ചെയ്യണമെന്നും ഇരുവരും പറയുന്നു.
ചൈനയിലെ വൻമതിൽ
മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വൻമതിൽ. 21,000 ത്തിലേറെ കിലോമീറ്റർ നീളമുമുണ്ടെന്ന് കരുതുന്ന വൻമതിൽ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തു മാത്രമല്ല ചൈനയിലെ ജനങ്ങളുടെ കഠിനധ്വാനത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതീകം കൂടിയാണ്. കാട്ടിലൂടെയും നാടുകളിലൂടെയും മലകളിലൂടെയും കടന്നുപോകുന്ന ഈ വലിയ മതിൽ ചൈനയുടെ മഹത്തായ മതിൽ അതിശയകരമായ വാസ്തുവിദ്യയുടെ വലിയൊരു ഉദാഹരണമാണ്.
മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇതുവരെ ശ്രമിച്ചതിൽ വച്ച് ഏറ്റവും വലിയ കെട്ടിട നിർമാണ പദ്ധതിയാണിത്. അധിനിവേശത്തെ തടയുന്നതിനും ചൈനീസ് സാമ്രാജ്യത്തെ സംരക്ഷിക്കുന്നതിനുമായി നിർമിച്ച ഈ ശക്തമായ പ്രതിരോധ ഘടന രണ്ടായിത്തോളം വർഷങ്ങളുടെ പ്രയത്‌നമാണ്.
ചൈനയിലേക്ക് പതിവായി കടന്നാക്രമണം നടത്തുന്ന ഒരു ഗോത്ര വിഭാഗമായിരുന്നു മംഗോളിയക്കാര്‍. എല്ലാ മതിലുകളും സൈനിക പ്രതിരോധത്തിനായി നിര്‍മ്മിച്ചതാണ്. വ്യത്യസ്ത ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും, പണികഴിപ്പിച്ച രാജവംശത്തിന്റെയും സൈനിക ബാഹുല്യവും ഒക്കെ കാരണം മതിലിന്റെ വീതിയും നീളവും ഒക്കെ വ്യത്യാസപ്പെട്ടാണ് കാണുന്നത്.
1800 വര്‍ഷങ്ങള്‍ കൊണ്ട് 6325 കിലോമീറ്റർ നീളത്തില്‍ 20 നാട്ടുരാജ്യങ്ങളെ ചുറ്റി ഇത് പണിതെടുക്കാന്‍ ചൈനയിലെ 20 രാജവംശങ്ങളാണ് തങ്ങളുടെ സമ്പത്ത് ചിലവഴിച്ചത്. ഇന്നത്തെ നിലയ്ക്ക് വന്‍മതിലിന് ഏതാണ്ട് 950 ബില്യണ്‍ ഡോളര്‍ നിര്‍മാണ ചെലവ് വരും.
മതിലിന്റെ നിര്‍മ്മാണം ഏറ്റവും അവസാനം നിര്‍വഹിച്ചത് മിംഗ് രാജവംശമാണ് (1368-1644). അപ്പോള്‍ തന്നെ നീളം 6,000 കിലോമീറ്ററിലധികം ആയിരുന്നു. മിംഗ് രാജവംശം അവരുടെ മതില്‍ പണിയാന്‍ 200 വര്‍ഷം ചെലവഴിച്ചു. 1122 ബി.സിയില്‍ തുടങ്ങി 1644 എ.ഡിയില്‍ ആണ് നിര്‍മാണം നിര്‍ത്തുന്നത്.
ഒരു പുരാവസ്തു സര്‍വേയില്‍ എല്ലാ ശാഖകളുമുള്ള മതിലിന്റെ മുഴുവന്‍ നീളം 21,196 കിലോമീറ്ററാണെന്നാണ് കണ്ടെത്തിയത്. ഇതില്‍ തര്‍ക്കമുണ്ട്. ഇന്ന് ഉള്ളതില്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വന്മതിലിന്റെ ഒരു ഭാഗം ഉള്ളത് ബെയ്ജിങ്ങില്‍ ഉള്ള ബദലിങ് എന്ന സ്ഥലത്താണ്.
ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ ബലി നല്‍കിയാണ് മതിലിന്റെ പണി പൂര്‍ത്തീകരിച്ചത്. ക്വിന്‍ ഷി ഹുവാങ് ചക്രവര്‍ത്തി 221 ബി.സി.യില്‍ ചുറ്റും വലിയ മതില്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടപ്പോള്‍, സൈനികരും കുറ്റവാളികളും ചേര്‍ന്നാണ് മതിലിന്റെ പണി പൂര്‍ത്തികരിച്ചത്. മതില്‍ നിര്‍മാണ വേളയില്‍ 400,000 ആളുകള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. ഈ തൊഴിലാളികളില്‍ പലരെയും മതിലിനുള്ളില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.