നാണക്കേടിന് തക്ക മറുപടി; മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 227 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ

നാണക്കേടിന് തക്ക മറുപടി; മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 227 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ

ചിറ്റഗോങ്: രണ്ട് മത്സരങ്ങളിലെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ടീം ഇന്ത്യ. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ റണ്ണിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തി 409 എന്ന റണ്‍മല നേരിട്ട ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 182 റണ്‍സില്‍ ചുരുക്കിക്കെട്ടി. 227 റണ്ണിന്റെ നാണംകെട്ട തോല്‍വി സമ്മാനിച്ചാണ് ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യ അവസാനിപ്പിച്ചത്. ആദ്യ രണ്ട് കളികള്‍ തോറ്റ ഇന്ത്യയ്ക്ക് പരമ്പര നേരത്തേ തന്നെ നഷ്ടമായിരുന്നു. 

ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറിയുടെയും കോലിയുടെ സെഞ്ച്വറിയുടെയും ബലത്തിലാണ് കുറ്റന്‍ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെ 34 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റി. മൂന്ന് കളികളും പിടിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലായിരുന്നു ബംഗ്ലാദേശ് ഇന്ന് ഇന്ത്യക്കെതിരേ ഇറങ്ങിയത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു വേണ്ടിയിറങ്ങിയ ഇഷാന്‍ 126 പന്തുകള്‍ ഇരട്ട സെഞ്ച്വറി നേടി. പത്ത് സിക്സും 24 ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചിറിയെന്ന റിക്കാര്‍ഡും കിഷന്‍ തിരുത്തിക്കുറിച്ചു. ഒപ്പം രോഹിത് ശര്‍മ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്കൊപ്പം ഡബിള്‍ സെഞ്ചുറി ക്ലബിലും കിഷന്‍ ഇടംപിടിച്ചു. 

ഇന്ത്യക്കുവേണ്ടി ഇരട്ടസെഞ്ച്വറി നേടുന്ന നാലാമത്തെ താരംകൂടിയായി ഇതോടെ ഇഷാന്‍. മൂന്ന് വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് വിരാട് കോലി നടത്തിയ തകര്‍പ്പന്‍ ഇന്നിങ്സും ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. 85 പന്തില്‍നിന്നാണ് മുന്‍ ക്യാപ്റ്റന്‍ മൂന്നക്കം കടന്നത്. 113 റണ്‍സെടുത്ത് താരം പുറത്തായി. 11 ഫോറും രണ്ടും സിക്സുമടങ്ങിയതാണ് കോലിയുടെ ഇന്നിങ്‌സ്. 

കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ബംഗ്ലാദേശ് ബാറ്റിങ് നിര അമ്പേ തകര്‍ന്നടിഞ്ഞു. 43 റണ്‍സെടുത്ത ഷക്കീബുല്‍ ഹസനാണ് ടോപ് സ്‌കോറര്‍. 29 റണ്‍സെടുത്ത ലിറ്റണ്‍ ദാസും 25 റണ്‍സുമായി യാസിര്‍ അലിയും 20 റണ്‍സുമായി മഹ്‌മുദുല്ലയും മാത്രമാണ് പേരിനെങ്കിലും പ്രതിരോധിച്ചത്. ശേഷിച്ചവരെല്ലാം തന്നെ 20 റണ്‍സെടുക്കും മുന്നേ മടങ്ങി. മൂന്ന് വിക്കറ്റുകളുമായി ശ്രദ്ദുല്‍ താക്കൂറും രണ്ടു വീതം വിക്കറ്റ് നേടി അക്സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കും തിളങ്ങി. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

37 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും 20 റണ്‍സ് നേടിയ അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയിലെ തുടര്‍ന്നുള്ള ടോപ് സ്‌കോറര്‍മാര്‍. 409 റണ്‍സെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടസ്‌കിന്‍ അഹ്‌മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.