ദോഹ: നായകന്‍ ഹാരി കെയ്ന്‍ ദുരന്ത നായകനായി മാറിയ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാർക്ക് ജയം. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന്റെ സെമിയിൽ കടന്നു. നായകൻ ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കിയതാണ് ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം.
17ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യ വല കുലുക്കിയത്. എംബാപ്പെവഴി ഗ്രീസ്മാനിലെത്തിയ പന്ത് ചൗമെനിയിലേക്ക് നീട്ടുകയായിരുന്നു. വച്ചു താമസിപ്പിക്കാതെ ചൗമെനി ലോങ് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ ആദ്യമിനിട്ടിൽ ഇംഗ്ലണ്ടിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റി സംശയലേശമന്യോ വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു.
പക്ഷെ എഴുപത്തിയെട്ടാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡ് ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. കോര്‍ണറിനുശേഷം ഗ്രീസ്മാന്‍ കൊടുത്ത ക്രോസ് ഡിഫന്‍ഡര്‍ക്കൊപ്പം ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ജിറൂഡ്. അധികം വൈകിയില്ല എണ്‍പത്തിരണ്ടാം സമനില ഗോൾ നേടാൻ ഇംഗ്ലണ്ടിനും വന്നു അവസരം. തിയോ ഹെര്‍ണാണ്ടസ് അനാവശ്യമായി ബോക്സില്‍ മേസണ്‍ മൗണ്ടിനെ തള്ളിയിട്ടതിന് വാറിന്റെ സഹായത്തോടെ കിട്ടിയ പെനാല്‍റ്റിയായിരുന്നു അത്.
ജീവന്‍ തിരിച്ചുപിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ അടുത്ത അവസരം. ഇക്കുറിയും കിക്കെടുത്തത് ക്യാപ്റ്റന്‍ കെയ്ന്‍ തന്നെ. എന്നാല്‍, ഗോളിയുടെ വലത്തേയ്ക്ക് പായിച്ച കെയ്ന്റെ വെടിയുണ്ട ബാറിന് മുകളിലൂടെ പറന്നു. ഒറ്റ ഷോട്ട് കൊണ്ട് നായകന്‍ വില്ലനാവുന്ന കാഴ്ച ഞെട്ടലോടെയാണ് സ്റ്റേഡിയം കണ്ടുനിന്നത്.
പെനാല്‍റ്റി പാഴായതോടെ ഇംഗ്ലണ്ട് ആകെ ഒന്നുലഞ്ഞുപോയി. സമയവും മത്സരവും അവരില്‍ നിന്ന് മെല്ലെ വഴുതിക്കൊണ്ടിരുന്നു. സെമിപ്രവേശനത്തിന്റെ സാധ്യതയും. 2006ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറില്‍ പുറത്തായത്. ഫ്രാന്‍സിന്റെ ആറാം സെമി പ്രവേശമാണിത്. പോർച്ചുഗലിനെ ആട്ടിമറിച്ചെത്തിയ മൊറോക്കോയാണ് സെമിയിൽ ഫ്രാൻസിന്റെ എതിരാളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.