പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവം; നടപടി അവസാനിപ്പിച്ച് പൊലീസ്

പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവം; നടപടി അവസാനിപ്പിച്ച് പൊലീസ്

കോഴിക്കോട്: എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഇരുന്ന സംഭവത്തില്‍ നടപടികള്‍ അവസാനിപ്പിച്ച് പൊലീസ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിലാണ് പ്ലസ് ടു വിദ്യാര്‍ഥിനി ഇരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ മെഡിക്കല്‍ കോളജ് പൊലീസ് തീരുമാനിച്ചത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിന്റെ സന്തോഷത്തില്‍ കുടുംബ സമേതം ഗോവയിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു പെണ്‍കുട്ടി.

ഗോവയിലെത്തിയപ്പോഴാണ് പരീക്ഷാ ഫലം വന്നത്. ആ സമയത്ത് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്ന് കരുതി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇതോടെ നാട്ടില്‍ പെണ്‍കുട്ടിയെ അഭിന്ദനിച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകളുമുയര്‍ത്തി.

പക്ഷേ നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഫലം പരിശോധിച്ചതില്‍ പിഴവ് വന്നെന്ന് പെണ്‍കുട്ടിക്ക് മനസിലായത്. റാങ്ക് പതിനയ്യായിരത്തിന് മുകളിലാണെന്ന് മനസിലായതോടെ പെണ്‍കുട്ടി മനോവിഷമത്തിലായി. ഇതോടെയാണ് നാട്ടുകാരെ ബോധ്യപ്പെടുത്താനായി രണ്ടും കല്‍പ്പിച്ച് പെണ്‍കുട്ടി മെഡിക്കല്‍ കോളജിലെ എം ബി ബിഎസ് ക്ലാസിലെത്തിയത്.

പിന്നീട് ക്ലാസില്‍ നിന്നും സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായത്.

രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അതേ സമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ തീരുമാനം. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.