മെൽബൺ: ഓസ്‌ട്രേലിയയിലെ യുവ കത്തോലിക്കരുടെ പ്രധാന സമ്മേളനമായ ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ (എസിവൈഎഫ്) തിരികെയെത്തുന്നു. 2024 ഡിസംബറിൽ നടക്കുന്ന യുവജനോത്സവത്തിന് മെൽബൺ അതിരൂപത ആതിഥേയത്വം വഹിക്കും.
കോവിഡ് 19 മഹാമാരിയെത്തുടർന്ന് കഴിഞ്ഞ തവണ ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് കഴിഞ്ഞ ആഴ്ച 2024 ൽ യുവജനോത്സവം നടത്താനുള്ള നിർദ്ദേശത്തെ പിന്തുണക്കുകയും ആതിഥേയത്വം വഹിക്കാൻ സന്നദ്ധ കാണിച്ച മെൽബൺ അതിരൂപതയോട് നന്ദി അറിയിക്കുകയും ചെയ്തു.
2019 ൽ പെർത്തിൽ നടന്ന എസിവൈഎഫിൽ നിന്നുള്ള ചിത്രങ്ങൾ
മെൽബൺ അതിരൂപത 2024 ൽ ആതിഥേയത്വം വഹിക്കുന്ന കാത്തലിക് യൂത്ത് ഫെസ്റ്റിവലിലേക്ക് മറ്റുള്ള ബിഷപ്പുമാരെ സ്വാഗതം ചെയ്യുന്നതായി മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കോമെൻസോലി പറഞ്ഞു. 11 വർഷം മുമ്പ് മെൽബൺ അതിരൂപത ഉദ്ഘാടന ഫെസ്റ്റിവലിന് ആതിഥേയത്വം വഹിച്ചിരുന്നു.
എസിവൈഎഫിനെ തിരികെ വരുന്നതിൽ തങ്ങൾ ആവേശഭരിതരാണ്. കൂടാതെ രാജ്യമെമ്പാടുമുള്ള യുവ കത്തോലിക്കരെ എങ്ങനെ സ്വാഗതം ചെയ്യാമെന്ന് ആസൂത്രണം ചെയ്യാൻ ആരംഭിച്ചതായും ആർച്ച് ബിഷപ്പ് കൊമെൻസോലി പറഞ്ഞു. 2024 ലെ ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അടുത്ത വർഷം ആദ്യം പുറത്ത് വിടും.
മലയാളികൾ അടക്കം ആയിരക്കണക്കിന് യുവതി യുവാക്കളാണ് ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവലിൽ ഒത്തുചേരുന്നത്. ഇതിന് മുമ്പ് 2019 ൽ പെർത്തിലാണ് ഈ യുവജനോത്സവം അരങ്ങേറിയിരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി തുടരുന്ന ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവൽ ക്രൈസ്തവർക്ക് നൽകുന്ന ഊർജത്തിന്റെ മഹത്തായ ഉറവിടം എത്രത്തോളം ഉണ്ടെന്ന് തങ്ങൾക്കറിയാമെന്ന് സുവിശേഷവൽക്കരണത്തിനും അല്മായർക്കും വേണ്ടിയുള്ള ബിഷപ്പ് കമ്മീഷൻ ചെയർമാനായ ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ് പറഞ്ഞു. അതിനാൽ തന്നെ യുവജനോത്സവത്തിന്റെ തിരിച്ചുവരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.
മെത്രാൻമാർ എന്ന നിലയിൽ പ്രാദേശിക ശുശ്രൂഷകൾ ചെയ്യുന്നതിന് യുവജനങ്ങളിൽ കാണുന്ന ഉത്സാഹത്തിൽ നിന്നും തങ്ങൾ പ്രചോദനം ഉൾകൊള്ളാറുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. എന്നാൽ ആയിരക്കണക്കിന് ചെറുപ്പക്കാർ യേശുവിനോടുള്ള സ്‌നേഹം പങ്കുവെക്കാൻ ഒത്തുകൂടുമ്പോൾ പ്രകടമാകുന്ന വലിയ ഐക്യദാർഢ്യത്തിന്റെയും കൂട്ടായ്മയുടെയും മഹത്വം തിരിച്ചറിയുന്നുവെന്നും ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26