ന്യൂഡൽഹി: തവാങിലെ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് അതിര്‍ത്തിയില്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ച് രാജ്യം. വ്യോമസേന റാഫേൽ യുദ്ധവിമാനങ്ങളുൾപ്പെടെയാണ് വിന്യസിച്ചിരിക്കുന്നത്. അസാമിലെ തെസ്‌പൂർ, ഛാബുവ എന്നിവിടങ്ങളിൽ സുഖോയ് - 30 പോർവിമാനങ്ങളും പശ്ചിമബംഗാളിലെ ഹാഷിമാരയിൽ റാഫേൽ പോർവിമാനങ്ങളുമാണ് വിന്യസിച്ചിരിക്കുന്നത്.
റഷ്യയിൽ നിന്ന് വാങ്ങിയ എസ് -400 വ്യോമപ്രതിരോധ കവചം അസാം സെക്ടറിൽ പ്രവർത്തനക്ഷമമാക്കി. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിർത്തി ലംഘിച്ചാൽ കർശന നടപടിക്ക് നിർദ്ദേശമുണ്ട്. തവാങിലെ ഏറ്റുമുട്ടലിന് മുൻപ് ചൈനീസ് ഡ്രോണുകളെ ഇന്ത്യയുടെ സുഖോയ് ജെറ്റ് വിമാനങ്ങൾ തടഞ്ഞിരുന്നു.
രാജ്യത്തിന്റെ അതിർത്തി തന്നെ മാറ്റുംവിധം അതിക്രമിച്ചു കയറിയ മുന്നൂറോളം ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈന്യം അടിച്ചോടിച്ചതിന് പിന്നാലെയാണ് യുദ്ധസമാനമായ മുന്നൊരുക്കങ്ങൾക്ക് രാജ്യതിർത്തികൾ സജ്ജമായത്. 17,000 അടി ഉയരത്തിലുള്ള തവാങിലെ യാഗ്‌സിയിലെ മഞ്ഞുമൂടിയ കുന്ന് പിടിച്ചെടുക്കുകയായിരുന്നു ചൈനയുടെ ഉന്നം. എന്നാൽ ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തെയും പ്രത്യാക്രമണത്തെയും തുടർന്ന് ചൈനീസ് സേനക്ക് തിരിഞ്ഞോടേണ്ടിവന്നു
ഉത്തരാഖണ്ഡിലെ ഔളിയിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസമാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കം ഉണ്ടാകാൻ കാരണമെന്ന് കരുതുന്നു. ചൈനീസ് അതിർത്തിയോട് നൂറ് കിലോമീറ്റർ അടുത്തായിരുന്നു സൈനികാഭ്യാസം. റഷ്യൻ നിർമ്മിത എംഐ -17 വി 5 ഹെലികോപ്റ്ററുകളിൽ ഇന്ത്യയുടെയും അമേരിക്കയുടെയും സൈനികർ ഒരുമിച്ച് ഓപ്പറേഷൻ നടത്തിയതും ചൈനയെ ചൊടിപ്പിച്ചു.
അതേസമയം സൈനിക സംഘർഷം സൃഷ്‌ടിക്കുന്നതിന്റെ തുടർച്ചയായി അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിൽ ചൈനീസ് പട്ടാളം യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലെന്നും പ്രതിഷേധം നയതന്ത്രതലത്തിൽ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പറഞ്ഞു.
തവാങിലെ യാങ്സിയിൽ ചൈനീസ് സൈന്യം യഥാർത്ഥ നിയന്ത്രണരേഖ അതിക്രമിച്ചു കയറി ഏകപക്ഷീയമായി അതിർത്തിയിലെ തൽസ്ഥിതി മാറ്റാൻ ശ്രമിച്ചു. ഇന്ത്യൻ സേന ശക്തമായി നേരിട്ട് അത് വിഫലമാക്കി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടില്ല. ഗുരുതര പരിക്കുമില്ല. ഇരുപക്ഷത്തും പരിക്കുണ്ട്. ചൈനീസ് സേനയെ ഇന്ത്യൻ സേന തുരത്തിയോടിച്ചുവെന്ന് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ രാജ്നാഥ് സിംഗ് പറഞ്ഞു.
ചൈനയുടെ അതിക്രമത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സൈനിക മേധാവികൾ, നയതന്ത്രജ്ഞർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.