അമേരിക്കയില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അമേരിക്കയില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ടെക്സാസ്: അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വീശിയടിച്ച് ചുഴലിക്കാറ്റ്. ടെക്‌സാസിലെ ടാരന്റ് കൗണ്ടിയില്‍ മാത്രം മൂന്ന് ചുഴലിക്കാറ്റുകളാണ് വീശിയതെന്ന് ഫോര്‍ട്ട് വര്‍ത്തിലെ നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. ഡാളസ് മേഖലയിലും ഓക്ലഹോമയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. ഏഴ് പേര്‍ക്കാണ് ഈ മേഖലയില്‍ പരിക്കേറ്റത്.

ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഗ്രേപ്പ് വൈന്‍ നഗരത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വ്യാപകമായി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മേല്‍ക്കൂരക്ക് നാശനഷ്ടമുണ്ടായതോടെ ഗ്രേപ്പ് വൈന്‍ മിഡില്‍ സ്‌കൂളിലെ കുട്ടികളെ ഫസ്റ്റ് യുണൈറ്റഡ് മെഥേഡിസ്റ്റ് ചര്‍ച്ചിലേക്ക് മാറ്റി. കുട്ടികള്‍ സുരക്ഷിതരാണ്.

ടെക്‌സാസ് മുതല്‍ മിസിസിപ്പി വരെയുള്ള സംസ്ഥാനങ്ങളിലെ 18 ദശലക്ഷത്തിലധികം ആളുകള്‍ ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിലാണ്. ചുഴലിക്കാറ്റ് ദിവസങ്ങളോളം നീണ്ട നില്‍ക്കുന്ന മഞ്ഞു വീഴ്ച്ചയ്ക്കും മഴയ്ക്കു കാരണമാകൃുമെന്ന് മുന്നറിയിപ്പിലുണ്ട്.

നെബ്രാസ്‌കയില്‍ നിന്ന് കൊളറാഡോയിലേക്കുള്ള എല്ലാ റോഡുകളും ഉള്‍പ്പെടെ നിരവധി പ്രധാന പാതകള്‍ അടച്ചതായി സംസ്ഥാന ഗതാഗത വകുപ്പ് അറിയിച്ചു.

ടെക്സാസിലും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശമുണ്ടാക്കി ടൊര്‍ണാഡോ ആഞ്ഞടിച്ചു. വൈദ്യുത ലൈനുകള്‍ തകര്‍ന്നതോടെ 33,000 ല്‍ ഏറെ വീടുകള്‍ ഇരുട്ടിലായി. ഫാനിന്‍ കൗണ്ടിയിലാണ് കൂടുതല്‍ നാശം. ഇവിടെ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലൂസിയാന സംസ്ഥാനത്തിലെ കാഡോ പാരിഷില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഒരു ആണ്‍കുട്ടിയും അമ്മയും മരിച്ചു. ഇവരുടെ വീട് ചുഴലിക്കാറ്റില്‍ തകര്‍ന്ന നിലയിലാണ്. വീടിനു സമീപം ചുഴലിക്കാറ്റ് മൂലമുണ്ടായ അവശിഷ്ടങ്ങള്‍ക്കടിയിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്തെ ഒന്നിലധികം വീടുകള്‍ തകര്‍ന്നു. ധാരാളം മരങ്ങള്‍ നിലംപൊത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മധ്യ അമേരിക്കയിലും ചുഴലിക്കാറ്റ് പ്രഭാവം തുടരുന്നതിനാല്‍ ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വീടുതോറും പരിശോധന നടത്തിവരികയാണ്. നവംബര്‍ ആദ്യവാരം, ഒക്ലഹോമ, ടെക്‌സസ്, അര്‍ക്കന്‍സാസ് എന്നീ തെക്കന്‍ യുഎസ് സംസ്ഥാനങ്ങളിലും ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.