ന്യൂഡൽഹി: ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാർ തമ്മിൽ അരുണാചൽ പ്രദേശിലെ തവാങിൽ ഏറ്റുമുട്ടിയതിന് പിന്നാലെ പ്രദേശിനടുത്തുള്ള ചൈനയുടെ ഇരട്ട ഉപയോഗ (സിവിൽ-മിലിട്ടറി) വിമാനത്താവളത്തിൽ വൻ തയ്യാറെടുപ്പുകളുമായി ചൈന. ഇന്ത്യ-ചൈന അതിർത്തിയിൽനിന്ന് 155 കിലോമീറ്റർ വടക്കുഭാഗത്തെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സിന്റെ വ്യോമതാവളത്തിലാണ് തയ്യാറെടുപ്പുകൾ.
ഇന്ത്യയ്ക്കു പുറമേ ഭൂട്ടാനിലേക്കും കടന്നുകയറാൻ ലക്ഷ്യമിട്ടുള്ള സന്നാഹങ്ങളാണ് അതിർത്തിയിലുടനീളം ചൈന ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇന്ത്യൻ അതിർത്തിയോടു ചേർന്ന് ഷിഗാറ്റ്സെ വ്യോമതാവളത്തിൽ അവർ യുദ്ധവിമാനങ്ങൾ വിന്യസിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കിഴക്കൻമേഖലയിൽ ഇന്നും നാളെയും വ്യോമാഭ്യാസം നടത്തുമെന്ന് ഇന്ത്യൻ വ്യോമസേന പറഞ്ഞതിനു പിന്നാലെയാണ് ചൈനീസ് വിമാനത്താവളവും തയ്യാറെടുപ്പുകൾ നടത്തുന്നത്. യുദ്ധവിമാനങ്ങളെയും പൈലറ്റില്ലാവിമാനങ്ങളെയും പ്രവർത്തിപ്പിക്കാൻ ശേഷിയുള്ളതാണ് ചൈനയുടെ ഈ വിമാനത്താവളം.
ഇന്ത്യയുടെ വ്യോമാഭ്യാസത്തിൽ യുദ്ധവിമാനങ്ങൾ, യാത്രാവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പൈലറ്റില്ലാ ചെറുവിമാനങ്ങൾ എന്നിവ പങ്കെടുക്കും. അതിർത്തിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് വ്യോമസേന വ്യക്തമാക്കി. നേരത്തേ ആസൂത്രണംചെയ്തതും സ്ഥിരമായി നടക്കാറുള്ളതുമായ വ്യോമാഭ്യാസമാണിത്. കഴിഞ്ഞ ഒമ്പതിന് കിഴക്കൻ തവാങിലെ യാങ്‌സേയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയതായി തിങ്കളാഴ്ച സൈന്യം വ്യക്തമാക്കിയിരുന്നു.
ഈ മാസം ഒമ്പതിന് ചൈനീസ് പട്ടാളം കടന്നുകയറാൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ മൂന്ന് സൈനിക യൂണിറ്റുകളാണ് തടഞ്ഞത്. ജമ്മുകശ്മീർ റൈഫിൾസ്, ജാട്ട് റെജിമെന്റ്, സിഖ് ലൈറ്റ് ഇൻഫൻട്രി എന്നിവയാണ് ചൈനീസ് പട്ടാളനീക്കം പ്രതിരോധിച്ചത്. ചൈനീസ് പട്ടാളം എല്ലാവർഷവും ഈ മേഖലയിൽ പട്രോളിങ്ങിന് എത്താറുണ്ടെങ്കിലും ഇന്ത്യൻ സൈന്യം അത് തടയാറുണ്ട്. ഇന്ത്യൻ പട്ടാളത്തോട് ഏറ്റുമുട്ടാൻ മുൾവടികൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ചൈനീസ് സൈനികർ എത്തിയത്. അവർ ഇന്ത്യൻ പട്ടാളക്കാർക്കുനേരെ കല്ലേറും നടത്തി. സംഭവങ്ങൾ വീഡിയോയിൽ പകർത്താൻ ഡ്രോണുകളുമായാണ് അവരെത്തിയതെന്നും പറയുന്നു.
അതേസമയം, സിക്കിം, അരുണാചൽ എന്നിവയുമായുള്ള അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ചൈന വ്യാപകമായി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതായും വാർത്തകൾ ഉണ്ട്. ആൾത്താമസമില്ലാത്ത വനമേഖലകൾ വെട്ടിത്തെളിച്ചാണ് ആളുകളെ ഇവിടെ പാർപ്പിക്കുന്നത്. ഭാവിയിൽ അതിർത്തി മേഖലയിലുടനീളം അവകാശവാദമുന്നയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ അതിർത്തിയോടു ചേർന്ന് അഞ്ച് ഗ്രാമങ്ങൾ ചൈന സൃഷ്ടിച്ചതയാണ് വിവരം.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഭവവികാസങ്ങളെ തങ്ങളുടെ പ്രതിരോധവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ്. പറഞ്ഞു. യഥാർഥ നിയന്ത്രണരേഖയ്ക്കുസമീപം ചൈന തുടർച്ചയായി സൈനികസന്നാഹങ്ങൾ ഒരുക്കുന്നതായും പ്രശ്നം പരിഹരിക്കാൻ ഇന്ത്യയുടെ ശ്രമങ്ങൾക്ക് പൂർണപിന്തുണ നൽകുന്നതായും പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.