ക്രിസ്തുമസ് ലളിതമാക്കാം; ഉക്രെയ്ന്‍ ജനതയെ സഹായിക്കാം: ഫ്രാന്‍സിസ് പാപ്പ

ക്രിസ്തുമസ് ലളിതമാക്കാം; ഉക്രെയ്ന്‍ ജനതയെ സഹായിക്കാം: ഫ്രാന്‍സിസ് പാപ്പ

ക്രിസ്തുമസ് കാലയളവിലും വെടിനിര്‍ത്തലിനു തയാറാകാതെ റഷ്യ

റോം: യുദ്ധക്കെടുതികളില്‍ ദുരിതമനുഭവിക്കുന്ന ഉക്രെയ്‌നിലെ ജനങ്ങള്‍ക്കൊപ്പം ഹൃദയത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. സമ്മാനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും മറ്റുമായുള്ള ചെലവ് കുറച്ച് ബാക്കിവരുന്നത് ഉക്രെയ്നിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി മാറ്റിവയ്ക്കണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. തന്റെ പ്രതിവാര പൊതുസദസിന്റെ അവസാനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഉക്രെയ്‌നിലെ സഹോദരീസഹോദരന്മാരുമായുള്ള നമ്മുടെ സാമീപ്യം പുതുക്കാനും അവര്‍ക്ക് മാനുഷിക സഹായം എത്തിക്കാനും നോമ്പുകാലത്തും ക്രിസ്തുമസിലുടനീളവും അവരെ നമ്മുടെ ഹൃദയങ്ങളില്‍ നിലനിര്‍ത്താനും വിശ്വാസികളെ മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

'കൂടുതല്‍ ലാളിത്യത്തോടെ ക്രിസ്തുമസ് ആഘോഷിക്കണം. ഉക്രെയ്നിലെ ജനങ്ങള്‍ പട്ടിണിയിലാണ്. ശൈത്യം രൂക്ഷമാകുന്നതോടെ അവര്‍ കൂടുതല്‍ കഷ്ടത്തിലാകും. ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാത്തതിനാല്‍ പലരും മരിക്കുന്നു. അതുകൊണ്ട് നമുക്ക് കൂടുതല്‍ എളിമയുള്ള ക്രിസ്തുമസ് ആഘോഷിക്കാം. കൊടിയ ദുരിതമനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം' - പാപ്പാ ഉദ്ബോധിപ്പിച്ചു.

'മുറിവേറ്റ ഉക്രെയ്ന്‍ ജനതയുമായുള്ള നമ്മുടെ അടുപ്പം പുതുക്കാനും കഷ്ടപ്പെടുന്ന ആ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഉറച്ചുനില്‍ക്കാനും മാര്‍പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു.

ക്രിസ്തുമസിനും വെടിനിര്‍ത്തലില്ല

അതേസമയം ക്രിസ്തുമസ് കാലത്തും ഉക്രെയ്നില്‍ സമാധാന ശ്രമങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ലെന്ന തരത്തിലാണ് റഷ്യയുടെ പ്രതികരണം. യുദ്ധം തുടങ്ങി 10 മാസം കഴിഞ്ഞിട്ടും പിന്മാറാനുള്ള യാതൊരു സൂചനയും റഷ്യ നല്‍കുന്നില്ല.

ക്രിസ്തുമസിന് വെടിനിര്‍ത്തല്‍ സംബന്ധിച്ച യാതൊരു നിര്‍ദ്ദേശങ്ങളും ഉണ്ടായിട്ടില്ലെന്നും ഈ വിഷയം അജണ്ടയിലില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം കുറിക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

സമാധാന ഉടമ്പടിയുടെ ആദ്യപടിയായി ക്രിസ്തുമസിന് സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയോട് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ സെലന്‍സ്‌കി 'യാഥാര്‍ത്ഥ്യങ്ങള്‍' അംഗീകരിക്കുന്നതുവരെ ഉക്രെയ്‌നുമായി സമാധാനമില്ലെന്ന് പെസ്‌കോവ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാുള്ള യാതൊരു ചര്‍ച്ചയും നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയിട്ടില്ല. ആഴ്ചകള്‍ നീണ്ട ശാന്തതയ്ക്കു ശേഷം ബുധനാഴ്ചയാണ് ഉക്രെയ്‌ന്റെ തലസ്ഥാനമായ കീവിനു നേരേ റഷ്യയുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഭരണ സിരാകേന്ദ്രത്തിന്റെ രണ്ടു പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണം നടന്നെങ്കിലും വ്യോമ പ്രതിരോധ സംവിധാനം വലിയതോതില്‍ ഇവയെ പ്രതിരോധിച്ചു. 13 ഡ്രോണുകളെ തകര്‍ക്കാന്‍ വ്യോമ പ്രതിരോധ സംവിധാനത്തിനു കഴിഞ്ഞെന്ന് സെലന്‍സ്‌കി അറിയിച്ചു.

ഫെബ്രുവരി 24ന് ആരംഭിച്ച അധിനിവേശത്തില്‍ ഇതുവരെ പതിനായിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനുപേരുടെ ജീവിതത്തെ യുദ്ധം ബാധിച്ചു. കൃത്യമായ മരണസംഖ്യ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.