കൊച്ചി: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ ഉയര്‍ന്ന കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോര്‍പ്പറേഷനില്‍ നടന്നതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
എന്നാല്‍ വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതായും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്നും സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രനും കോടതിയില്‍ മറുപടി നല്‍കിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.