കൊടുംതണുപ്പിൽ വലയുന്ന ഉക്രെനിയക്കാർക്കായി വത്തിക്കാന്റെ സഹായം; തെർമൽ വസ്ത്രങ്ങൾ ശേഖരിക്കുന്നു

കൊടുംതണുപ്പിൽ വലയുന്ന ഉക്രെനിയക്കാർക്കായി വത്തിക്കാന്റെ സഹായം; തെർമൽ വസ്ത്രങ്ങൾ  ശേഖരിക്കുന്നു

വത്തിക്കാന്‍ സിറ്റി: ഊർജ നിലയങ്ങൾ തകർത്തുകൊണ്ടുള്ള റഷ്യൻ ആക്രമണത്തെ തുടർന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതെ കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന ഉക്രെയ്ൻ ജനതയ്ക്ക് സഹായവുമായി മാർപ്പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി. ഉക്രെനിയക്കാർക്കായി തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന തെർമൽ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ഒരു പുതിയ പ്രചാരണ കാമ്പെയ്‌ൻ വത്തിക്കാൻ പ്രഖ്യാപിച്ചു.

ശേഖരിക്കുന്ന വസ്ത്രങ്ങൾ ഒരു മാസത്തിനുള്ളിൽ ലോറികളിൽ ഉക്രെയ്നിലേക്ക് അയയ്ക്കാനാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മാർപ്പാപ്പയുടെ പ്രത്യേക ഓഫീസ് അഥവാ അപ്പോസ്തോലിക് ആംസ് ഗിവിങ് (എലിമോസിനേരിയ അപ്പോസ്തോലിക്ക) എന്നറിയപ്പെടുന്ന സംഘടന പദ്ധതിയിടുന്നത്.

റഷ്യയുടെ ആക്രമണത്തില്‍ ഉക്രെയ്നിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദന കേന്ദ്രങ്ങൾ തകർക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് തണുപ്പിനെ പ്രതിരോഷിക്കാനുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമക്കാൻ കഴിയാതെ ഉക്രെയ്നിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമായതുകൊണ്ടാണ് ഇത്തരമൊരു സേവനവുമായി വത്തിക്കാൻ രംഗത്തുവന്നത്.

വത്തിക്കാൻ അപ്പസ്തോലിക ജീവകാരുണ്യ പ്രവർത്തങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ക്രജേവ്സ്‌കിയുടെ മേൽനോട്ടത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.

2018 നവംബർ 26 ന് കാസ സാന്താ മാർത്തായിൽ അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളെ അധികരിച്ച്, ഉദാരതയും ദാനശീലവും എന്നും തുടരേണ്ട ഒന്നാണെന്നും, ഇപ്പോൾ തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും നൽകുന്നതിനപ്പുറവും ഉക്രെയ്ൻ ജനതയ്ക്കുള്ള സഹായങ്ങൾ തുടരുമെന്നും കർദ്ദിനാൾ ക്രജേവ്സ്‌കി പറഞ്ഞു.


റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി തവണ ഫ്രാൻസിസ് മാർപാപ്പയുടെ പേരിലുള്ള സഹായം വത്തിക്കാന്‍ ഉക്രെയ്നില്‍ എത്തിച്ചിരിന്നു. ഉക്രെയ്ൻ ജനതയ്ക്കായി സംഭാവനകൾ നൽകുവാൻ താല്പര്യമുള്ളവർക്കായി https://www.eppela.com/projects/9302 എന്ന വെബ്സൈറ്റും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്.

ഉക്രെയ്ൻ ജനതയുടെ ശൈത്യകാല പ്രതിസന്ധി

ഉക്രെയ്ൻ ജനത യുദ്ധം മാത്രമല്ല വൈദ്യുതി, ഗ്യാസ്, കഠിനമായ തണുപ്പ് എന്നിവയെ കൂടി പ്രതിരോധിക്കാൻ കഴിയാത്ത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അപ്പോസ്തോലിക് അൽമോണർ, കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി ഒപ്പിട്ട വിജ്ഞാപനത്തിൽ പറയുന്നു.

അതിനാൽ ഡികാസ്റ്ററി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള തെർമൽ ജമ്പറുകൾ ശേഖരിക്കുന്നുവെന്നും വിഞ്ജാപനത്തിൽ വ്യക്തമാക്കി. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്ക് ചേരാൻ ആഗ്രഹിക്കുന്ന ആർക്കും വത്തിക്കാനിലെ ഡികാസ്റ്ററിയുടെ ആസ്ഥാനത്തേക്ക് തെർമൽ വസ്ത്രങ്ങൾ അയയ്ക്കാൻ സാധിക്കും. (വിലാസം: Cortile Sant'Egidio, 00120 Vatican City)

ഏഴ് ദശലക്ഷം പേർ ദുരിതത്തിൽ

യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്‌സിആർ വ്യക്തമാക്കുന്നതനുസരിച്ച് ഏകദേശം 7 ദശലക്ഷം ഉക്രെനിയക്കാർ യുദ്ധത്തെ തുടർന്ന് തങ്ങളുടെ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായതിനാൽ കഠിനമായ ശൈത്യകാലാവസ്ഥയെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വൈദ്യുതിയും മുറികൾ ചൂടക്കാനുള്ള സംവിധാനങ്ങളുമില്ലാതെ തകർന്ന കെട്ടിടങ്ങളിലാണ് പലരും അഭയം പ്രാപിച്ചിരിക്കുന്നത്.

ഉക്രെയ്നിലെ സിവിലിയൻ എനർജി സൈറ്റുകളിൽ റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയതിന് ശേഷം രാജ്യവ്യാപകമായി കടുത്ത വൈദ്യുതി ക്ഷാമമാണ് നിലനിൽക്കുന്നത്. ആക്രമണം ഉക്രെനിയൻ ആണവ നിലയങ്ങളെയും സാരമായി ബാധിച്ചതോടെ പ്രതിസന്ധി കൂടുതൽ വഷളായി. നവംബർ അവസാനത്തോടെ ആദ്യമായി രാജ്യത്തെ 15 ആണവ റിയാക്ടറുകളുടെയും പ്രവർത്തനം നിലച്ചു.

ഉക്രെയ്നിലെ പവർ പ്ലാന്റുകളുടെ 50 ശതമാനവും നശിച്ചു

ന്യൂക്ലിയർ പ്ലാന്റുകൾ പ്രവർത്തിക്കുമ്പോൾ ഗ്രിഡിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ അവ പ്രവര്‍ത്തനരഹിതമാകുമ്പോൾ സുപ്രധാന കൂളിംഗ്, സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അവ യഥാർത്ഥത്തിൽ അതിൽ നിന്ന് വൈദ്യുതി തിരികെ വലിച്ചെടുക്കുന്നു. അതുകൊണ്ട് തന്നെ വൈദ്യുതി വിതരണത്തിലെ തടസ്സം ഒരു പ്രധാന ആശങ്കയാണ് എന്നാണ് ഇത് അർത്ഥമാക്കുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിയന്ത്രണവും റഷ്യൻ സൈന്യത്തിന് ഇപ്പോഴും ഉണ്ട്. എന്നാൽ അവിടെ നടന്നുകൊണ്ടിരിക്കുന്ന ക്രോസ്-ഫയർ ഷെല്ലിംഗ് ആണവ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.

ഉക്രെയ്‌ൻ സർക്കാർ വ്യക്തമാക്കുന്നത് പ്രകാരം രാജ്യത്തെ 50 ശതമാനം വൈദ്യുതി നിലങ്ങളും ഇതിനോടകം നശിച്ചിട്ടുണ്ട്.

തടി അടുപ്പുകൾ നൽകികൊണ്ട് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ സഹായം

വൈദ്യുതി ക്ഷാമം ഉക്രെയ്‌നിലെ സഭാ സമൂഹങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ഇക്കാരണത്താൽ പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വിറക് അടുപ്പുകളും ജനറേറ്ററുകളും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായ പാക്കേജിന് അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ട്.

റഷ്യൻ സേന രണ്ട് വൈദികരെ കസ്റ്റഡിയിലെടുത്ത കിഴക്കൻ ഉക്രെയ്നിലെ പ്രധാന നഗരമായ ഡൊനെറ്റ്സ്കിലെ എക്സാർക്കേറ്റിലേക്ക് 40 ചെറിയ ജനറേറ്ററുകൾ വാങ്ങുന്നത് ഉൾപ്പെടെയാണിത്. മൂന്ന് ഇടവകകൾ, രണ്ട് കന്യാസ്ത്രീമഠങ്ങൾ, ബിഷപ്പിന്റെ വസതി, ഇടവക ഭവനം, ടെർനോപിലെ സെമിനാരി എന്നിവിടങ്ങളിൽ മുറികൾ ചൂടാക്കാനുള്ള സംവിധാനങ്ങൾ മാറ്റാനും പദ്ധതിയുണ്ട്.

കിഴക്കൻ ഉക്രെയ്നിലെ ഖാർകിവ്-സാപോരിജിയ രൂപതയ്ക്കായി തടി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന അടുപ്പുകൾ വാങ്ങുന്നതാണ്. രൂപതയുടെ ഒരു ഭാഗം ഇപ്പോഴും റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മോചിപ്പിക്കപ്പെട്ട പ്രദേശത്തെ വീടുകൾ മിക്കവാറും ഭാഗികമായോ പൂർണ്ണമായോ നശിപ്പിക്കപ്പെട്ട നിലയിലാണ്.

ഈ പ്രദേശത്തെ വീടുകളിലെ മുറികൾ ചൂടാക്കാനും ഭക്ഷണം പാകം ചെയ്യാനും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് പ്രാദേശിക ബിഷപ്പ് പാവ്‌ലോ ഹോഞ്ചരുക്ക് പറഞ്ഞു. കാരണം എല്ലാവർക്കും വൈദ്യുതിയും ഗ്യാസും ലഭ്യമല്ല. സഹായം അഭ്യർത്ഥിച്ച് നിരവധി ആളുകൾ തങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. കഴിയുന്ന അത്ര ആളുകൾക്ക് തടി അടുപ്പുകളുടെ രൂപത്തിൽ സഹായം നൽകിയെന്നും ബിഷപ്പ് ഹോഞ്ചരുക്ക് വിശദീകരിച്ചു.

വൈദ്യുതിയുടെയും ഗ്യാസിന്റെയും ദൗർലഭ്യം നേരിടുന്ന പലരും വ്യത്യസ്ത തപീകരണ സംവിധാനങ്ങളിലേക്ക് മാറാനും ശ്രമിക്കുന്നുണ്ട്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.