ദോഹ: ഇന്ന് നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിൽ തന്റെ യുദ്ധവിരുദ്ധ സന്ദേശം അറിയിക്കണമെന്ന ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ അഭ്യർഥന തള്ളി ഫിഫ. മത്സരത്തോടനുബന്ധിച്ച് ലോക സമാധാനവുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം അറിയിക്കാൻ അനുവദിക്കണമെന്ന സെലൻസ്കിയുടെ അഭ്യർഥനയാണ് ഫിഫ നിരസിച്ചത്.
രാഷ്ട്രീയ മാനങ്ങളുള്ള സന്ദേശങ്ങളോ പ്രതീകങ്ങളോ ലോകകപ്പ് വേദികളിൽ വേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമാണ് സെലൻസ്കിയുടെ സന്ദേശം ഒഴുവാക്കിയതെന്ന് ഫിഫ വ്യക്തമാക്കി.
രാഷ്ട്രീയപരമായ എല്ലാ സന്ദേശങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഫിഫ. ഖത്തറിലെ ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയോടെല്ലാം പ്രതികരിക്കാൻ ഫിഫ തയാറായില്ല. മഴവിൽ വർണമുള്ള ബാൻഡ് ധരിക്കുന്നതിൽ നിന്നും കളിക്കാരെ ഫിഫ വിലക്കിയിരുന്നു.
രാഷ്ട്രീയ മാനം പ്രകടിപ്പിക്കുന്ന മറ്റു പതാകകളും ഫിഫ വിലക്കി. എന്നാൽ പലസ്തീൻ പതാക പ്രദർശിപ്പിക്കുന്നതിന് മാത്രം ഇളവ് നൽകി. ലോകകപ്പ് കളിക്കുന്നതിൽ നിന്നു റഷ്യൻ ടീമിനെ വിലക്കിയിരുന്നു.
രാജ്യാന്തര സമ്മേളനങ്ങളിലും മേളകളിലും സമാധാനത്തിനും സഹായത്തിനുമായി സെലൻസ്കി അഭ്യർഥന നടത്താറുണ്ട്. ഇസ്രായേൽ പാർലമെന്റ്, ഗ്രാമി അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയിലെല്ലാം സെലൻസ്കി സമാധാനത്തിനായും സഹായത്തിനായും അഭ്യർഥന നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.