തിരുവനന്തപുരത്ത് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജയിലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജയിലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പേരൂർക്കട വഴയിലയില്‍ സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. പൂജപ്പുര ജില്ലാ ജയിലില്‍വച്ചാണ് റിമാന്‍ഡ് പ്രതിയായ രാജേഷ് പുലര്‍ച്ചെ രണ്ട് മണിയോടെ ആത്മഹത്യ ചെയ്തത്.

ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് ശുചുമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. വിവരമറിഞ്ഞ ഉടന്‍ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വഴയിലയില്‍ തിരക്കുള്ള റോഡില്‍വച്ച് പങ്കാളിയായ സിന്ധു(50) വിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. സിന്ധുവിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. റോഡില്‍ വെട്ടേറ്റുവീണ സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.

എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.