ക്രിസ്തുമസ് ദിവസങ്ങളില്‍ പ്രഖ്യാപിച്ച പരിപാടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

ക്രിസ്തുമസ് ദിവസങ്ങളില്‍ പ്രഖ്യാപിച്ച പരിപാടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: ക്രൈസ്തവ സമൂഹം പ്രത്യേകമായി ആചരിക്കുന്ന ദിവസങ്ങള്‍ പല രീതിയില്‍ പ്രവൃത്തി, പരിശീലന ദിനങ്ങളാക്കുന്ന നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.

ഈ പ്രവണത വര്‍ധിച്ചു വന്ന പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും പലപ്പോഴായി തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. പരിഗണിക്കാമെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പു നല്‍കിയിട്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വീണ്ടും ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കുകയാണ്.

കേരളത്തില്‍ ഈ വര്‍ഷത്തെ എന്‍സിസി ക്യാമ്പ് ഡിസംബര്‍ 23 നും എന്‍എസ്എസ് ക്യാമ്പ് ഡിസംബര്‍ 24 നും ആരംഭിക്കാനാണ് നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്‍എസ്എസ് ക്യാമ്പ് ഡിസംബര്‍ 26ന് ആരംഭിക്കാനുള്ള ഓപ്ഷനും കേരള സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിരിക്കുകയാണന്ന് ജാഗ്രത കമ്മീഷന്‍ ആരോപിച്ചു.

ഒട്ടേറെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്യാമ്പുകളില്‍ പങ്കെടുക്കേണ്ടതുണ്ട് എന്നത് വ്യക്തമാണെങ്കിലും ക്രിസ്തുമസ് ഉള്‍പ്പെടുന്ന ദിവസങ്ങളില്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം എന്ന നിലയില്‍, ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും മുമ്പ് ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഇത്തരം പ്രവണതകളില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണം. മറ്റൊരു മത വിഭാഗങ്ങളും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് നിഷേധാത്മകമായ ഭരണകൂട നിലപാടുകള്‍ മൂലം ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് നേരിടേണ്ടതായി വന്നു കൊണ്ടിരിക്കുന്നത്.

എല്ലാ സമുദായങ്ങളുടെയും ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും വോട്ട് ബാങ്കുകള്‍ക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുന്നതും ക്രൈസ്തവ വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും പതിവായി നിഷേധിക്കുന്നതുമായ നിലപാട് ജനാധിപത്യ വിരുദ്ധമാണ്.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പരിപാടികളുടെ കാര്യത്തിലും തുടര്‍ന്നും ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍കൂടി പരിഗണിക്കാനും വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ അവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.