സുവർണപന്തും രജത പാദുകവും സ്വന്തമാക്കി ഫുട്ബോള്‍ ചക്രവർത്തിയുടെ രാജകീയവും ചരിത്രപരവുമായ കിരീടധാരണം കണ്ട രാവ് എത്രയോ ധന്യം. 7 ഗോളുകള്‍, 3 അസിസ്റ്റ്,എണ്ണമറ്റ കണിശമായ പാസുകള്‍,അതിലുമെത്രയോ മഹോന്നതമായ ചുവടുകള്‍,തന്‍റെ ഐതിഹാസികമായ കളിജീവിതത്തിന് സാർത്ഥകമായ പൂർണതനല്‍കി നായക കള്‍ട്ടിന്‍റെ വിസ്മയകരമായ സംസ്ഥാപനം. വാസ്തവത്തില്‍ വാക്കുകളുടെ അർത്ഥപരധിക്ക് എത്തിപ്പിടിക്കാനാകാത്ത വിധം അത്യുജ്ജ്വലമായിരുന്നു മെസി എന്ന പ്രതിഭാസം ഖത്തർ ലോകകപ്പില്‍ നടത്തിയ അന്യാദൃശ്യമായ പടയോട്ടം. കവിതയും നർത്തനവും നാടകവും വിടർന്ന മൈതാനത്ത് അയാള്‍ വ്യത്യസ്ത വേഷങ്ങള്‍ ആടിത്തീർത്തു.
കളിക്കളത്തിലെ ചടുലവും അനായാസവുമായ നീക്കങ്ങളിലൂടെ തന്‍റെ സംഘത്തെ എതിർ ഗോള്‍ മുഖത്തേക്ക് ആനയിച്ചപ്പോള്‍ അയാള്‍ കവിത രചിക്കുകയാണെന്ന് തോന്നി. മൈതാന പാർശ്വങ്ങളിലൂടെ എതിർ കളിക്കാരെ താളാത്മകമായി വെട്ടിയൊഴിഞ്ഞ് മുന്നോട്ട് കുതിക്കുമ്പോള്‍ അയാള്‍ നൃത്ത ചുവടുകള്‍ ചമയ്ക്കുകയാണെന്ന് തോന്നി. 79 ആം മിനിറ്റുവരെ കാത്തുസൂക്ഷിച്ച 2 ഗോളിന്‍റെ ആധിപത്യം എംബപ്പെയുടെ ഗോളുകളില്‍ കൈവിട്ടപ്പോള്‍ അല്‍പ നേരത്തേയ്ക്കെങ്കിലും ഷേക്സ്പീരിയന്‍ നാടകങ്ങളിലെ ദുരന്തനായകമായി പരിണമിക്കുമോയെന്ന് സന്ദേഹിച്ചു.
അധികസമയത്തെ അത്ഭുതഗോളോടെ അയാള്‍ വീര പരിവേഷം വീണ്ടെടുത്ത് ധീരോദാത്ത നായകനിലേക്ക് പകർന്നാട്ടം നടത്തി. അവസാനം പെനാല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് കൗശലപൂർവ്വം ഗോളാക്കി മാറ്റി ടീമിന് മാനസിക മുന്‍തൂക്കം നല്‍കിയപ്പോള്‍ അയാള്‍ പൂർണത കൈവരിച്ച ഒരു ഫുട്ബോളറായും മഹാനായ നായകനായും വിശ്വത്തോളം ഉയർന്നു. ലോകം കണ്ട എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായി ഖത്തറിലെത്തിയ മെസിക്ക് എക്കാലത്തേയും മികച്ച നായകരില്‍ ഒരാളായി രാജകീയമായ മടക്കം.
ഒരു മനുഷ്യനുവേണ്ടി ഒരു ടീം ഒന്നാകെ ഒറ്റശരീരവും ഒറ്റമനസുമായി കളിക്കുന്നതും വിശ്വവിജയികളാകുന്നതും ആവേശകരമായ അനുഭവം.വിവിധ വർണങ്ങള്‍ സമന്വയിച്ച് മഴവില്ല് രൂപപ്പെടുന്നത് പോലെ ഹൃദയഹാരിയായ അനുഭവം. ഡീഗോ മറഡോണയ്ക്ക് എല്ലാ അർത്ഥത്തിലും അനുയോജ്യനായ പിന്‍ഗാമിയായി മെസി അവരോധിക്കപ്പെട്ടുകഴിഞ്ഞുവെന്നതാണ് ഖത്തർ ലോകകപ്പ്
മുന്നോട്ടുവയ്ക്കുന്ന ചരിത്രപാഠം.
സൗദി അറേബ്യയ്ക്ക് എതിരായ ആദ്യമത്സരത്തിലെ അപ്രതീക്ഷിതമായ പരാജയത്തിന് ശേഷം ടീമിന്‍റെ നായകത്വം അക്ഷരാർത്ഥത്തില്‍ ഏറ്റെടുത്ത മെസിയുടെ പാരമ്പര്യലംഘനത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് സുവർണപന്ത് പുരസ്കാരം. 80 ആം മിനിറ്റില്‍ സൂപ്പർതാരം എംബപ്പെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നത് വരെ ഫ്രാന്‍സ് ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ആദ്യപകുതി അവസാനിച്ചപ്പോള്‍ ഗോള്‍ വല ലക്ഷ്യമാക്കി ആധികാരികമായി ഒരു ഷോട്ട് ഉതിർക്കാന്‍ പോലും ഫ്രാന്‍സിന് സാധിച്ചില്ല.എംബപ്പെയുടെ ഗോളുകളിലൂടെയാണ് ഫ്രാന്‍സ് മത്സരത്തിലേക്ക് തിരിച്ചുവന്നത്.
ഒരു ലോകകപ്പ് കലാശപ്പോരാട്ടത്തിന്‍റെ നിലവാരത്തിലേക്ക് മത്സരം ഉയർന്നതിന്‍റെ ക്രെഡിറ്റ് എംബപ്പെയെന്ന അതിവേഗ താരത്തിന് അവകാശപ്പെട്ടതാണ്. രണ്ടാം പകുതിയിലെ എംബപ്പെയുടെ കുതിപ്പ് ഇല്ലായിരുന്നുവെങ്കില്‍ മത്സരം തീർത്തും ഏകപക്ഷീയമായി അവസാനിക്കുമായിരുന്നു. ഗ്രീസ് മാന്‍ എന്ന പ്ലേ മേക്കറെ സമർത്ഥമായി തടയാന്‍ സാധിച്ചതാണ് അർജന്‍റീനയ്ക്ക് ഗുണകരമായത്.ഡംബലെ ഫോമില്‍ തിരിച്ചെത്താതിരുന്നതും അർജന്‍റീനയ്ക്ക് അനുകൂലമായി മാറി. മറുഭാഗത്ത് പരുക്ക് മാറി തിരിച്ചെത്തിയ എയ്ഞ്ചല്‍ ഡി മരിയ അർജന്‍റീനയുടെ മുന്നേറ്റങ്ങള്‍ക്ക് നല്കിയ ഗതിവേഗം അപാരമായിരുന്നു.
ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ സമസ്ത സൗന്ദര്യവും ആവാഹിച്ച ഗോളായിരുന്നു ഡീ മരിയ നേടിയത്. 4-3-3 എന്ന രീതിയാണ് ഇരു ടീമുകളും അവലംബിച്ചത്. ജൂലിയന്‍ അല്‍ വാരസ്, ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നീ താരങ്ങള്‍ അർജന്‍റീനയുടെ മുന്നേറ്റ നിരയില്‍ അണിനിരന്നപ്പോള്‍ ഒലിവർ ജെറൂദ്, കെയ്ലിയന്‍ എംബപ്പെ, ഒസ്മാനെ ഡംബലെ എന്നിവരാണ് ഫ്രഞ്ച് ആക്രമണ നിരയില്‍ പങ്കാളികളായത്. ഇവരില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാതിരുന്നത് മെസിയും എംബപ്പെയും മാത്രമാണ്.രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം 64 ആം മിനിറ്റില്‍ ഡിമരിയയെ പിന്‍വലിച്ച് അക്യൂനയെ നിയോഗിച്ച പരിശീലകന്‍ സ്കലോണിയുടെ നീക്കം ശരിയായിരുന്നോവെന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ പകരമെത്തിയ അക്യൂന പ്രതിരോധതാരമാണ് എന്ന കാര്യം മറന്നുകൂടാ.
പ്രതിരോധം ശക്തമാക്കാനുളള ശ്രമമാണ് അദ്ദേഹം നടത്തിയതെന്ന് വിലയിരുത്താം.
പന്തടക്കത്തിന്‍റെ കാര്യത്തിലും ഗോള്‍ ലക്ഷ്യമാക്കിയുളള ഷോട്ടുകളുടെ എണ്ണത്തിലും അർജന്‍റീന എതിർടീമിലെ ബഹുദൂരം പിന്നിലാക്കി.എന്നാല്‍ നിശ്ചിത സമയത്തും അധികസമയത്തും അർജന്‍റീനയ്ക്ക് വേണ്ടി മിന്നും സേവുകള്‍ നടത്തിയ ഗോള്‍വലകാവല്‍ക്കാരന്‍ എമിലിയാനോ മാർട്ടിനെസിന്‍റെ മികവിനെ കുറിച്ച് പരാമർശിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാകും. പെനാല്‍റ്റി കിക്കുകള്‍ തടയുന്നതില്‍ അനിതരസാധാരണമായ മികവ് കാണിക്കുന്ന താരമാണ് മാർട്ടിനെസ്.
കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിഫൈനലില്‍ കൊളംബിയയ്ക്ക് എതിരെയും ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടറില്‍ ഹോളണ്ടിനെതിരെയും ഈ മിടുക്ക് നമ്മള്‍ കണ്ടിട്ടുണ്ട്.അത് കലാശക്കളിയിലും മനസാന്നിദ്ധ്യം കൈവിടാതെ പുറത്തെടുക്കാന്‍ എമിക്ക് സാധിച്ചു.
കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മെസിയാണെങ്കിലും കിരീടവിജയത്തിന്‍റെ ഒരു വലിയപങ്കിന് മാർട്ടിനെസ് അവകാശിയാണ് എന്നതാണ് യാഥാർത്ഥ്യം. ഫൈനലില്‍ പരാജയപ്പെട്ടുവെങ്കിലും എംബപ്പെയുടേത് കൂടിയാണ് ഈ ലോകകപ്പ്. 8 ഗോളുകള്‍ നേടി സുവർണപാദുകം.1966 ല്‍ ഇംഗ്ലണ്ടിന്‍റെ ജെഫ് ഹേഴ്സറ്റിന് ശേഷം ഫൈനലില്‍ ഹാട്രിക് നേടുന്ന താരം. രണ്ട് ഫൈനലുകളില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞതാരം. ഇവയൊക്കെ എംബപ്പെയ്ക്ക് മാത്രം അവകാശപ്പെട്ട ബഹുമതികള്‍.
തീർച്ചയായും വരും കാല ഫുട്ബോള്‍ അയാള്‍ക്ക് അവകാശപ്പെട്ടതാകാം.എന്നാല്‍ ഖത്തർ ലോകകപ്പിന്‍റെ താരമെന്ന ബഹുമതി ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിയിലും ഫൈനലിലും ഗോള്‍ നേടി തന്‍റെ ടീമിന്‍റെ കിരീടധാരണം ഉറപ്പാക്കിയ മഹാനായ ലിയോയ്ക്ക് അവകാശപ്പെട്ടതല്ലേ. ഒരു അവകാശവാദവും ഉന്നയിക്കാത്ത മഹാനായ ആ കളിക്കാരന് അത് നല്‍കുമ്പോള്‍ ബഹുമാനിതമാകുന്നത് വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന ഫുട്ബോള്‍ സംസ്കാരം തന്നെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.