കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പുകളിലും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും ബംഗാളില്‍ സിപിഎം വോട്ട് വിഹിതം വര്‍ധിപ്പിച്ചതില്‍ ബിജെപി നേതാക്കളോട് കടുത്ത അമര്‍ഷം അറിയിച്ച് അമിത്ഷാ.
പാര്‍ട്ടി യോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 2.29 കോടി വോട്ട് നേടിയിട്ടും അടുത്തിടെ നടന്ന ഉപ തിരഞ്ഞടുപ്പുകളിലും മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ വോട്ട് വിഹിതം വര്‍ധിച്ചതെങ്ങനെയെന്ന് അമിത് ഷാ ചോദിച്ചു.
ബിജെപി നേതാക്കള്‍ക്ക് ജനങ്ങളിലേക്ക് എത്താന്‍ കഴിയാത്തതാണ് വോട്ടുകുറയാന്‍ കാരണമെന്ന് അമിത് ഷാ വിമര്‍ശിച്ചു. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ സിപിഎം ആണ് രണ്ടാമത്. കഴിഞ്ഞ വര്‍ഷം നടന്ന ബാലിഗഞ്ച് ഉപ തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മിന് പിന്നിലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍, ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, ജോയിന്റ് സെക്രട്ടറിമാര്‍, സംസ്ഥാനത്തെ തിരഞ്ഞടുപ്പ് നീരീക്ഷകര്‍ എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി.
നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയെന്നത് ലക്ഷ്യം നേടാനുള്ള മാനദണ്ഡമാക്കാനാവില്ല. സംസ്ഥാനത്തുടനീളം സാധാരണക്കാരന്റെ ദൈനദിന പ്രശ്നങ്ങളില്‍ ഇടപെടണമെന്നും ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെ ആളുകളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ കഴിയുകയുള്ളു. അല്ലാതെ തൃണമൂല്‍ വിരുദ്ധത ജനങ്ങളില്‍ എത്തിക്കല്‍ എളുപ്പമാകില്ലെന്ന് അമിത് ഷായെ ഉദ്ധരിച്ച് ബിജെപി നേതാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.