ഫ്‌ളോറിഡ: വെറുതേയിരുന്നപ്പോള്‍ ഒരു സര്‍വേ ഇട്ട് നോക്കിയതാണ്. അത് ഇങ്ങനൊരു തിരിച്ചടിക്കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. സംഭവം എന്താണെന്നല്ലേ.
താന്‍ ട്വിറ്ററിന്റെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിയണോ എന്നതായിരുന്നു സര്‍വേയിലെ ചോദ്യം. ഒഴിയണം, വേണ്ട എന്നിങ്ങനെ രണ്ട് ഓപ്ഷന്‍ നല്‍കി. എന്നാല്‍ വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണമെന്നായി ഭൂരിപക്ഷ വോട്ടര്‍മാരുടെയും ആഗ്രഹം.
ട്വിറ്റര്‍ ഉപയോക്താക്കളില്‍ 57.5 ശതമാനം പേരും മസ്‌ക് സ്ഥാനമൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം 42.5 ശതമാനം പേര്‍ അദ്ദേഹം ഇപ്പോഴും കമ്പനിയുടെ തലപ്പത്തിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 1.7 കോടിയിലധികം ട്വിറ്റര്‍ ഉപയോക്താക്കള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്ന സ്ഥിതിക്ക് മസ്‌ക് ശരിക്കും കമ്പനിയുടെ തലപ്പത്ത് നിന്ന് ഒഴിയുമോയെന്നായി പിന്നീട് നടന്ന ചര്‍ച്ചകള്‍.
ട്വിറ്ററിന്റെ ഒരേയൊരു ബോര്‍ഡ് അംഗമായ മസ്‌ക് ഒക്ടോബറില്‍ ട്വിറ്റര്‍ മേധാവിയായി ചുമതലയേറ്റ ഉടന്‍ തന്നെ മുന്‍ സിഇഒ പരാഗ് അഗര്‍വാള്‍, ലീഗല്‍ ഹെഡ് വിജയ് ഗദ്ദെ തുടങ്ങി മിക്ക ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. താല്‍ക്കാലിക സിഇഒ ആയി മസ്‌ക് തന്നെ സ്വയം ചുമതലയേറ്റു.
ഈ വര്‍ഷം ഒക്ടോബറില്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയ ശേഷം ട്വിറ്ററിന് ഏകദേശം 5000 ജീവനക്കാരെ നഷ്ടപ്പെട്ടു. അതില്‍ ചിലരെ പിരിച്ചുവിടുകയും മറ്റുള്ളവര്‍ക്ക് പിരിച്ചുവിടല്‍ വേതനം നല്‍കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.