തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. വിഷയത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്നാണ് തീരുമാനം. കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
അശാസ്ത്രീയവും അപൂര്‍ണവുമായ ഉപഗ്രഹ സർവേ ആരെ തൃപ്തിപ്പെടുത്താനാണെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. തട്ടിക്കൂട്ട് സർവേ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെങ്കില്‍ കേരളീയ സമൂഹത്തെ വെല്ലുവിളിച്ച് നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നേരിട്ട അനുഭവമായിരിക്കും ജനവിരുദ്ധ സര്‍ക്കാറിനെ കാത്തിരിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ പറഞ്ഞു.
വിലക്കയറ്റം, അഴിമതി, സ്വജനപക്ഷപാതം, പൊലീസ് രാജ് തുടങ്ങി ജനദ്രോഹ ഭരണത്താല്‍ അനുദിനം ജീർണമായിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പൗരവിചാരണയുടെ മൂന്നാംഘട്ടമായി അര ലക്ഷം പേര് പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരം ജനുവരി അവസാനവാരം സംഘടിപ്പിക്കും. പാർട്ടിയുടെ 138ാം ജന്മവാര്ഷിക ഭാഗമായി ഡിസംബര്‍ 28ന് മണ്ഡലം തലത്തില്‍ വിപുല മതേതര സദസ്സും ജന്മദിന റാലികളും നടത്തും.
ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടക്കുന്ന മഹിളാമാര്‍ച്ച് വന്‍വിജയമാക്കാനും തീരുമാനിച്ചു. ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഹാത് സെ ഹാത് ജോഡോ അഭിയാന് എന്ന പേരില്‍ ബ്ലോക്ക്-മണ്ഡലം-ബൂത്ത് തലങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരായ സമരപരമ്പരകളുടെ തുടര്‍ച്ചയായി 1000 കേന്ദ്രങ്ങളില്‍ ജനുവരി 15നകം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.