'നിങ്ങളുടെ ഏതെങ്കിലും നായ രാജ്യത്തിന് വേണ്ടി മരിച്ചോ'? ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

'നിങ്ങളുടെ ഏതെങ്കിലും നായ രാജ്യത്തിന് വേണ്ടി മരിച്ചോ'? ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ പാര്‍ട്ടി നേതാക്കള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെന്നും ബിജെപിയുടെ ഏതെങ്കലും നേതാവ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു.

രാജസ്ഥാനിലെ അല്‍വാറില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണാചല്‍ പ്രദേശിലെ തവാങില്‍ അടുത്തിടെ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്‍ മറച്ചുവെക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

കോണ്‍ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ദിരയും രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചു. ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ അവരുടെ ജീവന്‍ നല്‍കി. ബിജെപി എന്താണ് ചെയ്തത്? നിങ്ങളുടെ ഏതെങ്കിലും നായ രാജ്യത്തിന് വേണ്ടി മരിച്ചോ? ഏതെങ്കിലും കുടുംബാംഗങ്ങള്‍ എന്തെങ്കിലും ത്യാഗം ചെയ്തിട്ടുണ്ടോ? ഇല്ല!' ഖാര്‍ഗെ ആഞ്ഞടിച്ചു.

മോഡി സര്‍ക്കാര്‍ ശക്തരാണെന്ന് അവകാശപ്പെടുന്നു. ആരും തങ്ങളുടെ കണ്ണുകളിലേക്ക് പോലും നോക്കില്ലെന്ന് പറയുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും തുടരുകയാണ്. നമ്മുടെ 20 സൈനികര്‍ ഗാല്‍വാനിലെ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചതിന് ശേഷം മോഡി ജി 18 തവണ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച ടത്തി. ഇത്രയുമൊക്കെ ചെയ്തിട്ടും എന്തുകൊണ്ടാണ് അതിര്‍ത്തിയില്‍ ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചൈനയുടെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച നടത്തണം. പക്ഷേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നുഴഞ്ഞു യറ്റം തടയാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി പുറത്ത് സിംഹത്തെപ്പോലെ സംസാരിക്കുന്നു എന്നാല്‍ ശെരിക്കും അദ്ദേഹം ഉള്ളില്‍ എലിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങള്‍ രാജ്യത്തിനൊപ്പമാണ് പക്ഷേ സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വന്ന് ഒരു പേജ് പ്രസ്താവന നല്‍കി മടങ്ങി പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങളെ ജാതി, പ്രദേശം, മതം എന്നിങ്ങനെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ ജനാധിപത്യത്തിന്റെ ധാര്‍മ്മികത ഇല്ലാതാക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വെല്ലുവിളിക്കപ്പെടുന്നു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.