അമേരിക്കയിൽ ശൈത്യകാലം രൂക്ഷമാകുന്നു: ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇത്തവണ ദശാബ്ദങ്ങളിലെ ഏറ്റവും തണുപ്പുള്ള ക്രിസ്തുമസ് ആയിരിക്കുമെന്ന് റിപ്പോർട്ട്

അമേരിക്കയിൽ ശൈത്യകാലം രൂക്ഷമാകുന്നു: ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇത്തവണ ദശാബ്ദങ്ങളിലെ ഏറ്റവും തണുപ്പുള്ള ക്രിസ്തുമസ് ആയിരിക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കയിൽ ശൈത്യകാലം അതിരൂക്ഷമാകുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഈ വർഷം കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും തണുപ്പുള്ള ക്രിസ്തുമസ് ആണ് വരാനിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ. തണുത്ത ആർട്ടിക് വായുവിന്റെ സ്ഫോടനം ഡിസംബറിൽ സാധാരണ ഉണ്ടാകാറുള്ള താപനിലയേക്കാൾ 20 മുതൽ 50 ഡിഗ്രി വരെ താഴ്ന്ന താപനിലയിലേക്ക് അമേരിക്കയെ നയിക്കും.

ക്രിസ്തുമസിന് തൊട്ടുമുമ്പ് ഉണ്ടാകാൻ സാധ്യതയുള്ള ഒരു വൻ മഞ്ഞുവീഴ്ച അമേരിക്കയുടെ മിക്ക ഭാഗങ്ങളിലെയും താപനില കുത്തനെ കുറയാൻ ഇടയാക്കും. കൂടാതെ ഈ ആഴ്ച അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശക്തമായ മഞ്ഞുകാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ശക്തമായ കാറ്റ് രാജ്യത്തിന്റെ പടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ കഠിനമായ തണുപ്പിനും പൂജ്യ ഡിഗ്രിക്ക് താഴെയുള്ള താപനിലയ്ക്കും കാരണമാകും.

തെക്കൻ ടെക്‌സാസും ഫ്ലോറിഡയും വരെ കാറ്റ് എത്താമെന്നും ചേഞ്ച് അമേരിക്കയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന അതിശക്തമായ ഒരു കാറ്റ് മിക്ക മധ്യ പടിഞ്ഞാറൻ പ്രദേശങ്ങളിലും വലിയ തടാക പ്രദേശങ്ങളിലും ശക്തമായ കാറ്റും ഹിമപാതവും കൊണ്ടുവരുമെന്ന് നാഷണൽ വെതർ സർവീസ് പ്രവചിച്ചു.

അതിശക്തമായ കാറ്റുകൾക്കൊപ്പം ആർട്ടിക്കിൽ നിന്ന് ഉത്ഭവിക്കുന്ന തണുത്തുറഞ്ഞ വായുവിന്റെ ശക്തമായ പ്രവാഹം രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് നീങ്ങും. അത് അസ്ഥികളെ പോലും മരവിപ്പിക്കുന്ന താപനില ഈ പ്രദേശങ്ങളിൽ ഉണ്ടാകാൻ ഇടയാക്കും.

ഈ അവധിക്കാലത്ത് പാറക്കെട്ടുകൾ മുതൽ സമതലങ്ങൾ വരെയും കിഴക്കൻ തീരം മുതൽ തെക്ക് വരെയും ഉള്ള സംസ്ഥാനങ്ങൾ മഞ്ഞുകൊണ്ട് മൂടപ്പെടുകയും ചില സന്ദർഭങ്ങളിൽ പൂജ്യത്തിലും താഴ്ന്ന താപനിലയിൽ എത്തുകയും ചെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നു.

അക്യുവെതർ എന്ന കാലാവസ്ഥ പ്രവചന കേന്ദ്രം വ്യക്തമാക്കുന്നതനുസരിച്ച് ഡിസംബറിലെ ശരാശരി താപനിലയേക്കാൾ 25 മുതൽ 50 ഡിഗ്രി ഫാരൻഹീറ്റ് വരെ താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളറാഡോയുടെ തലസ്ഥാനമായ ഡെൻവറിൽ മറ്റ് ഏതൊരു പ്രധാന അമേരിക്കൻ നഗരത്തിലും ഉണ്ടാകുന്നതിനേക്കാൾ ഏറ്റവും തീവ്രമായ താപനില മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഡെൻവറിലെ മൈൽ ഹൈ സിറ്റിയിൽ ചൊവ്വാഴ്ചത്തെ താപനില 50 ഡിഗ്രിയിലും താഴെയായിരുന്നു. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ഈ പ്രദേശം 30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പ് ബുധനാഴ്ചയുടെ അവസാന മണിക്കൂറുകളിൽ അനുഭവിക്കേണ്ടി വരും.

ശൈത്യകാലത്തെ അതിരൂക്ഷമാക്കി മാറ്റുന്ന കാറ്റ് വീശിയടിച്ചാൽ കൊളറാഡോയിലുടനീളം തണുപ്പ് -20 മുതൽ -50 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴാൻ സാധ്യതയുണ്ട്. -60 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള ജീവൻ അപകടപ്പെടുത്തുന്ന കാറ്റിന്റെ തണുപ്പ് സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗത്തെ ബാധിക്കും.

വടക്കൻ ടെക്‌സാസിൽ തെക്കൻ ഇല്ലിനോയിസ് വഴി മണിക്കൂറിൽ 50 മുതൽ 60 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അക്യുവെതർ ചീഫ് മെറ്റീരിയോളജിസ്റ്റ് ജോനാഥൻ പോർട്ടർ പറയുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ കാറ്റ് വടക്കുകിഴക്കൻ ഭാഗങ്ങളിൽ എത്തും.

കഴിഞ്ഞ കൊടുങ്കാറ്റുകളിൽ, ലൈറ്റുകളും ചൂട് നിലനിർത്താനുള്ള സംവിധാനങ്ങളും സംരക്ഷിക്കാൻ പാടുപെടുന്ന ടെക്‌സാസിന്റെ പവർ ഗ്രിഡിനെ തണുത്ത വായുവും ശീതകാല കാലാവസ്ഥയും എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് കാലാവസ്ഥ നിരീക്ഷകർ ഏറെ ആശങ്കാകുലരാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് അനുഭവപ്പെട്ട മാരകമായ ശീതതരംഗം പോലെ ഇത്തവണത്തെത് നീണ്ടുനിൽക്കുമെന്നോ തീവ്രതയുള്ളതായിരിക്കുമെന്നോ കാലാവസ്ഥ പ്രവചിക്കുന്നവർ കരുതുന്നില്ല. എങ്കിലും വരാനിരിക്കുന്ന ശക്തമായ തണുപ്പ് ടെക്‌സാസിനെ സംബന്ധിച്ചിടത്തോളം “പ്രാധാന്യമുള്ളതാണ്” എന്നും അവർ വ്യക്തമാക്കുന്നു.

ടെക്‌സാസിലെ അമറില്ലോയിൽ രാത്രിയിലെ താപനില പൂജ്യത്തിനടുത്തോ പൂജ്യത്തേക്കാൾ താഴെയോ ആകാം. ഡാളസ് മെട്രോപ്ലെക്സിൽ അഞ്ച് മുതൽ 10 ഡിഗ്രി വരെ താഴാമെന്നും ജോനാഥൻ പോർട്ടർ പറഞ്ഞു. നഗരത്തിന്റെ വടക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില ആയിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം വിശദീകരിച്ചു.

തണുപ്പ് രൂക്ഷമാകുമ്പോൾ ആളുകൾ സ്വാഭാവികമായും അവരുടെ വീടുകളിലെയും ബിസിനസ് സ്ഥാപങ്ങളിലെ മുറികളിലെയും താപനില ഉയർത്താനുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. അത്തരം സാഹചര്യത്തിൽ ഊർജ്ജ ആവശ്യകതയിൽ ഒരു കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുണ്ട്.

ഇത്തവണ കൊടും തണുപ്പ് വീണ്ടും ടെക്സസ് ഇലക്ട്രിക്കൽ ഗ്രിഡിന്റെ പ്രതിരോധത്തിൽ ഒരു പരീക്ഷണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോർട്ടർ കൂട്ടിച്ചേർത്തു. ചരിത്രപരമായ 2021 ലെ കൊടും തണുപ്പിന് ശേഷമുള്ള ഇലക്ട്രിക്കൽ ഗ്രിഡിന്റെ ഏറ്റവും വലിയ പരീക്ഷണമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.