പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. 2024-ല്‍ പ്രീ-പ്രൈമറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭാഷാ ഓപ്ഷനായി പഞ്ചാബി തെരഞ്ഞെടുക്കാമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സ്യൂ എല്ലെരി പ്രഖ്യാപിച്ചു.
വെസ്‌റ്റേണ്‍ ഓസ്ട്രേലിയയിലെ സ്‌കൂളുകളില്‍ ഈ ഭാഷ കൊണ്ടുവരുന്നത് പഞ്ചാബി പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംസ്‌കാരം സമപ്രായക്കാരുമായി പങ്കിടാന്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഡബ്ല്യുഎയുടെ സെക്രട്ടറി ദീപക് ശര്‍മ്മ പറഞ്ഞു. ഓസ്ട്രേലിയയിലെ വിശാലമായ ബഹുസ്വര സമൂഹത്തില്‍ തങ്ങളുടെ സാംസ്‌കാരിക വേരുകളെ ശക്തിപ്പെടുത്താന്‍ ഈ തീരുമാനം സഹായിക്കും. അതോടൊപ്പം മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ സംസ്‌കാരത്തെ പരിചയപ്പെടാനുള്ള മാര്‍ഗമായും ഇതിനെ സ്വാഗതം ചെയ്യാമെന്ന് ദീപക് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
2021 ലെ സെന്‍സസ് പ്രകാരം ഓസ്ട്രേലിയയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഭാഷയാണ് പഞ്ചാബി. 239,000-ത്തിലധികം ആളുകളാണ് തങ്ങളുടെ വീടുകളില്‍ ഈ ഭാഷ സംസാരിക്കുന്നത്.
ഹിന്ദി, തമിഴ് ഭാഷകളും ഓപ്ഷനായി പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ഈ തീരുമാനം നടപ്പാക്കും.
മൂന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഭാഷ പഠനം നിര്‍ബന്ധമാണെന്ന് സ്‌കൂള്‍ കരിക്കുലം ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലന്‍ ബ്ലഗായിച്ച് പറഞ്ഞു. പ്രാദേശിക സിഖ് സമുദായത്തിലെ അംഗങ്ങളുമായി കൂടിയാലോചിച്ചാണ്
പഞ്ചാബി ഭാഷയ്ക്കായുള്ള പാഠ്യപദ്ധതി തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
വെസ്‌റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് നിരക്കിലാണ് കുട്ടികള്‍ തങ്ങളുടെ തദ്ദേശീയ ഭാഷ പഠിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.