ജക്കാര്‍ത്ത: ശ്രീലങ്കയില്‍ 2019-ലെ ഇസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ നടത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ ബഹിഷ്‌കരിച്ച് രാജ്യത്തെ കത്തോലിക്ക സമൂഹം. ഭീകരാക്രമണം ശ്രീലങ്കയിലെ ക്രൈസ്തവരുടെ മനസിലുണ്ടാക്കിയ മുറിപ്പാടുകള്‍ മൂന്ന് വര്‍ഷത്തിനു ശേഷവും ഉണങ്ങിയിട്ടില്ല.
കൊളീഷന്‍ ഓഫ് കാത്തലിക് ലേ ഓര്‍ഗനൈസേഷന്‍സ് ഓഫ് ശ്രീലങ്കയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ഇരുപതോളം കത്തോലിക്കാ സംഘടനകള്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മയാണിത്. പൊതു ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ശ്രീലങ്കയിലെ കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിനോടും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാനതല ക്രിസ്തുമസ് പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തോടൊപ്പം അന്വേഷണ കമ്മിഷന്‍ ഇതുവരെ നല്‍കിയ ശിപാര്‍ശകള്‍ നടപ്പാക്കാനും സഖ്യം ആവശ്യപ്പെടുന്നു. പരിക്ക് മൂലം ശാരീരികമോ മാനസികമോ വൈകല്യം സംഭവിച്ച ആക്രമണത്തിന്റെ ഇരകള്‍ക്ക് സ്ഥിരമായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കത്തോലിക്കാ സമൂഹം മാത്രമല്ല, ബുദ്ധ, ഹിന്ദു, മുസ്ലിം സമുദായങ്ങളും ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് കൊളീഷന്‍ കോര്‍ഡിനേറ്റര്‍ തിലിന അലഹാക്കോണ്‍ പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമുണ്ടായ സ്ഫോടനത്തില്‍ 280 പേരോളം കൊല്ലപ്പെട്ടിരുന്നു. കത്തോലിക്കരും വിവിധ മത വിഭാഗങ്ങളില്‍പെട്ടവരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഭീകരാക്രമണം നടത്തിയ കുറ്റവാളികളെ ഇതുവരെ കണ്ടെത്തുകയോ, നിയമത്തിനു മുന്നില്‍ കൊണ്ടുവരികയോ ചെയ്തിട്ടില്ല. മൂന്നു വര്‍ഷമായി നീതിക്കു വേണ്ടി കാത്തിരിക്കുകയാണ് ശ്രീലങ്കയിലെ ക്രൈസ്തവ വിശ്വാസികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.