ആലപ്പുഴ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനിടെ മരിച്ച മലയാളി താരം നിദ ഫാത്തിമയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള അസോസിയേഷന്‍ രംഗത്തെത്തി.
നിദയുടെ പിതാവ് ശിഹാബ് ഇന്നലെ രാത്രി നാഗ്പൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടില്‍ എത്തിക്കും. ഇതിനിടെ, കുട്ടിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആലപ്പുഴ എം.പി എ.എം ആരിഫും ആവശ്യപ്പെട്ടിട്ടുണ്ട്. നിദയുടെ മരണത്തില്‍ നാഗ്പൂര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടിരിക്കുകയാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളിവിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പൂരിലെ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്.
കോടതിവിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസസൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.