സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ കർത്താവിനോട് നന്ദി പറയാൻ മറക്കുന്നത് ക്രിസ്തീയമല്ല, മാനുഷികവുമല്ല: വത്തിക്കാൻ ജീവനക്കാരോട് ഫ്രാൻസിസ് മാർപ്പാപ്പാ

സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ കർത്താവിനോട് നന്ദി പറയാൻ മറക്കുന്നത് ക്രിസ്തീയമല്ല, മാനുഷികവുമല്ല: വത്തിക്കാൻ ജീവനക്കാരോട് ഫ്രാൻസിസ് മാർപ്പാപ്പാ

വത്തിക്കാൻ സിറ്റി: ജീവിതത്തിലെ പ്രയാസങ്ങളെ വിശ്വാസത്തോടെ നേരിടാനും സ്വന്തം കുടുംബത്തിൽ നിന്നും വത്തിക്കാനിലെ ജോലിസ്ഥലങ്ങളിൽ നിന്നും ആരംഭിച്ച് സമാധാനത്തിന്റെ കരകൗശല വിദഗ്ധരായി മാറാനും വത്തിക്കാൻ ജീവനക്കാരോട് ഫ്രാൻസിസ് മാർപ്പാപ്പാ.

പരമ്പരാഗത ക്രിസ്തുമസ് ആശംസകൾ കൈമാറുന്നതിനായി പോൾ ആറാമൻ ഓഡിയൻസ് ഹാളിൽ വ്യാഴാഴ്ച വത്തിക്കാൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്യവെയായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം.


മഹാമാരിയെ അതിജീവിച്ചിരിക്കുന്നതിന് ദൈവത്തോട് നന്ദി

കോവിഡ് 19 മഹാമാരിയുടെ നിർണായക ഘട്ടത്തെ നാം അതിജീവിച്ചിരിക്കുന്നതിന് നാമെല്ലാവരും ദൈവത്തോട് നന്ദി പറയണമെന്നും പാപ്പ പറഞ്ഞു. "കാരണം അവന്റെ സഹായത്തോടെയാണ് നാം ഈ കാലഘത്തെ അതിജീവിച്ചത്.സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ കർത്താവിനോട് നന്ദി പറയാൻ പോലും നാം മറക്കാറുണ്ട്. അത് ക്രിസ്തീയമല്ല, മാനുഷികമല്ല" എന്നും മാർപ്പാപ്പ അഭിപ്രായപ്പെട്ടു.

അതിസങ്കീർണ്ണമായ ഘട്ടം കടന്നുപോയെങ്കിലും പകർച്ചവ്യാധി അതിന്റെ അടയാളങ്ങൾ അവശേഷിപ്പിച്ചിരിക്കുന്നു. ഭൗതികവും സാമ്പത്തികവുമായ കാര്യങ്ങളിൽ മാത്രമല്ല ആളുകളുടെ ജീവിതത്തിലും ബന്ധങ്ങളിലും വരെ ഈ കാലഘട്ടം തീർത്ത മുറിപ്പാടുകളുടെ ബാക്കിപത്രങ്ങൾ ഉണ്ട്.

അതിനാൽ എല്ലാ കുടുംബങ്ങളിലും "ശാന്തത" ഉണ്ടാകട്ടെയെന്ന് മാർപ്പാപ്പ ആശംസിച്ചു. ശാന്തതയെന്നാൽ "എല്ലാം നന്നായിരിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്" മറിച്ച് പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ നേരിടുമ്പോൾ മനസിന് സമാധാനം ഉണ്ടാകട്ടെയെന്നതാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ദൈവസഹായത്തിൽ വിശ്വാസമർപ്പിച്ചാൽ ശാന്തത ലഭിക്കും

ബേത്‌ലഹേമിൽ ഉണ്ണിയേശുവിന് ജന്മം നൽകുന്ന വേളയിൽ മറിയവും ജോസഫും ചെയ്തതുപോലെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും അവന്റെ സഹായത്തിൽ നമ്മെത്തന്നെ ഭരമേൽപ്പിക്കുന്നതിലൂടെയുമാണ് നമുക്ക് ഈ ശാന്തത കൈവരുന്നതെന്ന് മാർപ്പാപ്പ അഭിപ്രായപ്പെട്ടു.

"നിങ്ങൾ ഓരോരുത്തരും ദൈവത്തിൽ വിശ്വസിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളിൽ അവന്റെ സഹായത്തിനായി തങ്ങളെത്തന്നെ ഭരമേൽപ്പിക്കുകയും അവനോട് പ്രാർത്ഥിക്കുകയും അവനോട് നന്ദി പറയുകയും ചെയ്യുന്നതിനുള്ള ലാളിത്യവും നിങ്ങൾക്കുണ്ടായിരിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു" എന്നും പാപ്പ പറഞ്ഞു.

പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി മൂലം അടച്ചുപൂട്ടപ്പെടുകയും നിയന്ത്രണങ്ങളിൽ ജീവിക്കുകയും ചെയ്ത കുട്ടികളുടെയും യുവജനങ്ങളുടെയും മനസിന് പാപ്പ സമാധാനം ആശംസിച്ചു.

സമാധാനത്തിന്റെ സാക്ഷികളും കരകൗശല വിദഗ്ധരും ആകുക

നാമെല്ലാവരും "സമാധാനത്തിന്റെ സാക്ഷികളും കരകൗശല വിദഗ്ധരും" ആകണമെന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

ലോകചരിത്രത്തിലെ ഈ നിമിഷങ്ങളിൽ സമാധാനം കെട്ടിപ്പടുക്കാൻ ഓരോരുത്തരും അവരവരുടെ പങ്ക് കൃത്യമായി നിർവഹിക്കേണ്ടതിന്റെ ഉത്തരവാദിത്തം കൂടുതൽ ആർജവത്തോടെ ഗ്രഹിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിനായി പ്രവർത്തിക്കുന്നവർക്ക് ഈ ഉത്തരവാദിത്തം പ്രത്യേകിച്ചും പ്രസക്തമാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ സൂചിപ്പിച്ചു.

തുടർന്ന് സ്വന്തം കുടുംബത്തിലും അവർ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ചുറ്റുപാടിലും സമാധാനം സ്ഥാപിക്കാൻ വത്തിക്കാൻ ജീവനക്കാരോട് പാപ്പ ആഹ്വാനം ചെയ്തു.

അതിനുള്ള ഒരു മാർഗം പരദൂഷണം ഒഴിവാക്കുകയും "ആളുകളുടെ അഭാവത്തിൽ" അവരെക്കുറിച്ചുള്ള മോശമായ സംസാരം ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. എന്തെങ്കിലും തെറ്റുകളുണ്ടായാൽ നമ്മൾ "സത്യസന്ധരും ആത്മാർത്ഥതയുള്ളവരും" ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.