റെക്കോര്‍ഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്; കാമറൂണ്‍ ഗ്രീന് 17.50 കോടി

റെക്കോര്‍ഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്; കാമറൂണ്‍ ഗ്രീന് 17.50 കോടി

കൊച്ചി: റെക്കോര്‍ഡ് തുകയ്ക്ക് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍. കൊച്ചിയില്‍ നടന്ന ഐപിഎല്‍ താര ലേലത്തിലാണ് ഇംഗ്ലണ്ട് താരത്തെ കിങ്‌സ് ഇലവന്‍ സ്വന്തമാക്കിയത്.

18.50 കോടി രൂപ മുടക്കിയാണ് താരത്തെ ടീമിലെത്തിച്ചത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംങ്‌സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളും ആവേശത്തോടെ ലേലം വിളിച്ചു. എന്നാല്‍, റെക്കോര്‍ഡ് തുകയ്ക്ക് പഞ്ചാബ് കറനെ സ്വന്തമാക്കുകയായിരുന്നു.

ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന് 17.50 കോടി രൂപ ലഭിച്ചു. രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെയും അടിസ്ഥാനവില. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ താരവും ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സിനും ലഭിച്ചു റെക്കോര്‍ഡ് തുക. 16.25 കോടി രൂപ മുടക്കി ചെന്നൈ സൂപ്പര്‍ കിംങ്‌സാണ് സ്റ്റോക്‌സിനെ ടീമിലെത്തിച്ചത്.

7.25 കോടി രൂപ വരെ രാജസ്ഥാന്‍ റോയല്‍സ് സ്റ്റോക്‌സിനായി കളത്തിലുണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് സ്റ്റോക്‌സിനായി ലേലം വിളിച്ച മറ്റ് ഫ്രാഞ്ചൈസികള്‍.

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന്റെ റെക്കോര്‍ഡാണ് ഇക്കുറി ഈ മൂന്ന് താരങ്ങള്‍ തകര്‍ത്തത്. 2021 മിനി ലേലത്തില്‍ മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.

വിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ നിക്കോളാന്‍ പൂരാനെ 16 കോടി രൂപയ്ക്ക് ലക്‌നൗ വിളിച്ചെടുത്തു. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളും പൂരാനുവേണ്ടി ശ്രമിച്ചു.

ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ച ജയദേവ് ഉനദ്കട്ട് 50 ലക്ഷം രൂപയ്ക്ക് ലക്‌നൗവിലെത്തി.

സിംബാബ്വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസയെ അടിസ്ഥാനവിലയായ 50 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.