കോവിഡില്‍ വിറങ്ങലിച്ച് ചൈന: ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു; പ്രതിദിന കണക്കുകള്‍ പുറത്തു വിടില്ലെന്ന് ഭരണകൂടം

കോവിഡില്‍ വിറങ്ങലിച്ച് ചൈന: ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു; പ്രതിദിന കണക്കുകള്‍ പുറത്തു വിടില്ലെന്ന് ഭരണകൂടം

ജനസംഖ്യയുടെ 18 ശതമാനം പേരും കോവിഡ് രോഗികളെന്ന് റിപ്പോര്‍ട്ട്.

ബെയ്ജിങ്: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന ചൈനയില്‍ സാഹചര്യം കൂടുതല്‍ പ്രതിസന്ധിയില്‍. രോഗികളുടെ ബാഹുല്യം മൂലം ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബെയ്ജിങിലേയും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലേയും ആശുപത്രികളില്‍ ഇനി രോഗികളെ അഡ്മിറ്റ് ചെയ്യാനാകാത്ത സ്ഥിതിയിലാണ്.

സീറോ-കോവിഡ് നയത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. പ്രതിദിനം 4,90,000 മുതല്‍ 5,30,000 വരെ ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഷാന്‍ഡോങിലെ ആരോഗ്യ വിദഗ്ധര്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് രാജ്യത്തെ ആരോഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എമര്‍ജന്‍സി യൂണിറ്റില്‍ മാത്രം ഒരു ദിവസം 500 ന് മുകളില്‍ രോഗികള്‍ എത്തുന്നതായി ബെയ്ജിങ് ആശുപത്രിയിലെ ഉദ്യോഗസ്ഥരിലൊരാള്‍ വെളിപ്പെടുത്തി. ഇതില്‍ 20 ശതമാനം പേരും ഗുരുതര രോഗ ലക്ഷണങ്ങള്‍ ഉള്ളവരാണ്.

ഈ മാസം ആദ്യ 20 ദിവസത്തിനുള്ളില്‍ 25.8 കോടി ജനങ്ങള്‍ കോവിഡ് ബാധിതരായതായി കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തു വന്നിരുന്നു. ജനസംഖ്യയുടെ 18 ശതമാനം പേരും രോഗികളാണ്. ഇനി കോവിഡ് കേസുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടില്ലെന്ന് ചൈനീസ് ഭരണകൂടം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഞായറാഴ്ച മുതല്‍ ദിവസേനയുള്ള കോവിഡ് ഡാറ്റ പുറത്തു വിടില്ലെന്ന് പ്രഖ്യാപിച്ചു. റഫറന്‍സിനും ഗവേഷണത്തിനുമായുള്ള കോവിഡ് വിവരങ്ങള്‍ ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ ഈ തീരുമാനത്തിന്റെ പിന്നിലെ കാരണങ്ങളോ എത്ര സമയം ഇടവിട്ട് കോവിഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്നോ വ്യക്തമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.