മൂലംപള്ളി പാക്കേജ് ഇതുവരെ ലഭ്യമായില്ല; കുടിയിറക്കപ്പെട്ടവര്‍ ക്രിസ്തുമസ് ദിനത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മൂലംപള്ളി പാക്കേജ് ഇതുവരെ ലഭ്യമായില്ല;  കുടിയിറക്കപ്പെട്ടവര്‍ ക്രിസ്തുമസ് ദിനത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനു വേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുവാന്‍ നിയോഗിക്കപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിയെ നോക്കുകുത്തി ആക്കരുതെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍.

ക്രിസ്തുമസ് ദിനത്തില്‍ ഹൈക്കോടതി ജങ്ഷനില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വ്യക്തികളുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തന ഫലമായിട്ടാണ് പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ അനുവദിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കാതെ വന്നാല്‍ ഗുരുതരമായ വീഴ്ചയായി തന്നെ സമൂഹം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമര പരിപാടി ഡോ.എം.പി മത്തായി ഉദ്ഘാടനം ചെയ്ത ചെയ്തു. നാടിന്റെ വികസനത്തിനു വേണ്ടി വീടും പുരയിടങ്ങളും നഷ്ടപ്പെടുത്തേണ്ടി വന്ന കുടുംബങ്ങള്‍ ക്രിസ്മസ് പോലുള്ള ഒരു സുദിനത്തില്‍ തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനും ഭൂഷണമല്ലെന്ന് അദ്ദഹം പറഞ്ഞു.

യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അരവിന്ദാക്ഷന്‍, വി.പി വില്‍സണ്‍, കെ.റെജികുമാര്‍, കെ.പി. സാല്‍വിന്‍, കുരുവിള മാത്യൂസ്, വി.ഡി മാര്‍ട്ടിന്‍, മൈക്കിള്‍ കോതാട്, ജോര്‍ജ്ജ് അമ്പാട്ട്, മുളവുകാട് സുരേഷ്, മേരി ഫ്രാന്‍സിസ് മൂലമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.