സ്‌പെയിനിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു

സ്‌പെയിനിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു

മാഡ്രിഡ്: വടക്കുപടിഞ്ഞാറൻ സ്പെയിനിൽ യാത്രക്കാരുമായി പോയ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രക്ഷപ്പെട്ട 63 വയസുകാരനായ വാഹനത്തിന്റെ ഡ്രൈവറെയും സ്ത്രീയെയും അഗ്നിശമന സേനാംഗങ്ങൾ കയർ ഉപയോഗിച്ച് നദിയിൽ നിന്ന് പുറത്തെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡ്രൈവർ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലത്തിൽ തെളിഞ്ഞതായി പോലീസ് വക്താവ് വ്യക്തമാക്കി. പാലത്തിന് ചുറ്റുമുള്ള രക്ഷാപ്രവർത്തനം അവസാനിച്ചതായും വക്താവ് കൂട്ടിച്ചേർത്തു.


എന്നാൽ ലെറസ് നദിയിൽ നിന്ന് ബസിന്റെ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ എഞ്ചിനീയർമാർ തുടരുകയാണ്. ഗലീഷ്യ മേഖലയിൽ കനത്ത മഴ പെയ്യുന്നതിനാൽ നദി കരകവിഞ്ഞ് ശക്തമായി ഒഴുകിയിരുന്നു. ഉയർന്നതോതിലുള്ള അടിയൊഴുക്കും മറ്റും മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ തുടർച്ചയായി തടസ്സപ്പെടുത്തിയിരുന്നു.

മോൺബസ് എന്ന കമ്പനിയുടെ ബസ് ആണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാത്രി ലുഗോ, വിഗോ നഗരങ്ങൾക്കിടയിൽ ഈ ബസ് യാത്ര ചെയ്യുകയും അപകട സ്ഥലത്തിന് സമീപം സ്ഥിതിചെയ്തിരുന്ന ഒരു ജയിലിന്റെ അരികിൽ നിർത്തുകയും ചെയ്തിരുന്നു.


പിന്നീട് അവിടെ നിന്നും യാത്ര തുടർന്ന് ബസ് പാലത്തിനു മുകളിലൂടെയുള്ള റോഡിൽ നിന്ന് തെന്നിമാറി പ്രാദേശിക സമയം 9.30 മണിയോടെ ഏകദേശം 40 മീറ്റർ (131 അടി) താഴ്ചയിൽ വെള്ളത്തിലേക്ക് വീണു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നതിന് വ്യക്തമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പാലത്തിന്റെ സംരക്ഷണഭിത്തിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു വഴിയാത്രക്കാരനാണ് അപകടത്തെക്കുറിച്ച് ആദ്യമായി അടിയന്തര സേവന വിഭാഗത്തെ അറിയിച്ചത്. അല്പം സമയത്തിനുള്ളിൽ ബസിനുള്ളിൽ നിന്നും അപകടത്തിൽപെട്ടതായി അവർക്ക് വീണ്ടും സന്ദേശം ലഭിച്ചു.


രാത്രി മുഴുവൻ നദി കവിഞ്ഞൊഴുകുകയായിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം ഏകദേശം രണ്ട് മണിക്കൂറോളം നിർത്തിവയ്ക്കാൻ അടിയന്തര രക്ഷാപ്രവർത്തകർ നിർബന്ധിതരാകുകയും രാവിലെ പ്രവർത്തങ്ങൾ പുനരാരംഭിക്കുകയുമായിരുന്നു.

ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബസ് നദിയിലേക്ക് മറിഞ്ഞുവീണപ്പോൾ ആകെ ഒമ്പത് പേർ ബസിലുണ്ടായിരുന്നതായി അധികൃതർ ആദ്യം റിപ്പോർട്ട് ചെയ്‌തു. എന്നാൽ ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് പേരാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

"വളരെ മോശമായ" കാലാവസ്ഥയാണ് അപകടത്തിന്റെ കാരണങ്ങളിലൊന്ന് എന്നാണ് ഗലീഷ്യയുടെ റീജിയണൽ പ്രസിഡൻറ് അൽഫോൻസോ റുവേഡ ചൂണ്ടിക്കാണിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.