കംബോഡിയയിലെ ഹോട്ടലിൽ തീപിടുത്തം: മരണസംഖ്യ ഉയരുന്നു: അറുപതോളം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

കംബോഡിയയിലെ ഹോട്ടലിൽ തീപിടുത്തം: മരണസംഖ്യ ഉയരുന്നു: അറുപതോളം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

നോം പെൻ (കംബോഡിയ): കംബോഡിയയിൽ ഹോട്ടലിലും കസിനോയിലും ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 16 പേർ മരിച്ചതായും ഡസൻ കണക്കിന് ആളുകളെ കാണാനില്ലെന്നും പ്രാദേശിക അധികാരികൾ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

തീപിടുത്തത്തെ തുടർന്ന് കുറഞ്ഞത് 58 പേരെയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബാൻറേ മെൻചെയ് പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ എൻഗോർ മെങ്‌ഷെൻ പറഞ്ഞു. തായ്‌ലൻഡ് അതിർത്തിയോട് ചേർന്ന് ഗ്രാന്റ് ഡയമണ്ട് സിറ്റി എന്ന ഹോട്ടലിലും പൊയ്പെറ്റിലെ കാസിനോയിലും ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.


ഹോട്ടലിന്റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മറ്റു നിലകളിലേക്കും തീപടരുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി തായ്‌ലൻഡിൽ നിന്നും അഗ്നിരക്ഷാ സേനയെ അയച്ചെന്നും പരിക്കേറ്റവരെ തായ്‌ലാന്റിലെ സാകായിയോ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലാക്കിയെന്നും തായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രക്ഷപ്പെടാനുള്ള ശ്രമത്തിൽ ചിലർ കത്തുന്ന കെട്ടിടത്തിൽ നിന്ന് ചാടിയാണ് മരിച്ചത്. “രണ്ട് പേർ നിലത്തുവീണ ഉടൻ മരിച്ചു. നാലോ അഞ്ചോ പേരുടെ കാലുകൾ ഒടിഞ്ഞുവെന്നും” ആരണ്യപ്രത്തേത് റെസ്‌ക്യൂ ഫൗണ്ടേഷനിൽ നിന്നുള്ള പീരപൻ ശ്രീസാകോർൺ പറഞ്ഞു.

പുക ശ്വസിച്ച് മരണമടഞ്ഞ ഏഴ് പേരുടെ ഉൾപ്പെടെ 11 മൃതദേഹങ്ങൾ പൂട്ടിയ ഹോട്ടൽ മുറികളിൽ നിന്ന് തന്റെ ടീം മാത്രം കണ്ടെത്തിയതായും പീരപൻ വ്യക്തമാക്കി. ഇനിയും നിരവധി ആളുകൾ അവരുടെ മുറികൾക്കുള്ളിൽ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നും എന്നാൽ കെട്ടിടത്തിൽ ഇപ്പോഴും കനത്ത പുക നിറഞ്ഞിരിക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അകത്ത് കടന്ന് ആളുകളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.


ഏകദേശം 700 തായ് പൗരന്മാരെ രക്ഷപ്പെടുത്തി തായ്‌ലൻഡിലെ ആശുപത്രികളിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.

ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള റെസ്റ്റോറന്റിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നതായി പീരപൻ പറഞ്ഞു. മാത്രമല്ല തീ പടരാൻ അപ്പോൾ ഉണ്ടായിരുന്ന കാറ്റ് ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ സഹായിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീ പൂർണമായും അണച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

രക്ഷാപ്രവർത്തനത്തിനായി തങ്ങൾ എത്തിയപ്പോൾ കെട്ടിടത്തിൽ മുഴുവനായി തീ വ്യാപിച്ചിരുന്നതിനാൽ അകത്ത് കടക്കാൻ കഴിയുമായിരുന്നില്ല മറ്റൊരു തായ് റെസ്ക്യൂ ടീമിന്റെ നേതാവ് പാച്ചറിൻ താൻതോംഗ് പറഞ്ഞു. ഇപ്പോഴും കെട്ടിടത്തിൽ വലിയ അളവിൽ പുക കാണാമെന്നും എന്നാൽ തീജ്വാലകൾ കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

300 പോലീസ് ഉദ്യോഗസ്ഥരെയും 11 അഗ്നിശമന വാഹനങ്ങളും നിരവധി ഹെലികോപ്റ്ററുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ബാൻറേ മെഞ്ചെ പ്രൊവിൻഷ്യൽ പോലീസ് കമ്മീഷണർ മേജർ ജനറൽ സിതി ലോ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കംബോഡിയയിലെ സീം റീപ്പിനും തായ് തലസ്ഥാനമായ ബാങ്കോക്കിനും ഇടയിലുള്ള ഒരു ഗതാഗത കേന്ദ്രമാണ് പൊയ്‌പെറ്റ്. ഒന്നിലധികം കാസിനോകൾക്ക് പേരുകേട്ട പ്രദേശമാണിത്. കൂടാതെ നഗരത്തിലെ ചൂതാട്ട വ്യവസായത്തിൽ ജോലി ചെയ്യുന്ന നിരവധി തായ്‌ലാൻഡുകാർ താമസിക്കുന്ന സ്ഥലം കൂടിയാണിത്.

ചൂതാട്ടത്തിന്റെ മിക്കവാറും എല്ലാ ഇനങ്ങളും തായ്‌ലൻഡിൽ നിയമവിരുദ്ധമാണ്. എങ്കിലും ഇത് രാജ്യത്ത് ഒരു ജനപ്രിയ ഉപജാപമായി തുടരുന്നു. നിരവധി തായ്‌ലാൻഡുകാർ അതിർത്തി കടന്ന് നിയമപരമായി ഈ പ്രദേശത്ത് ചൂതാട്ടം നടത്തുന്നു.

https://twitter.com/MY_1428_V2/status/1608177657119707137


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.