ന്യൂയോർക്ക്: ന്യൂയോർക്കിലെ ബഫല്ലോയിൽ മാത്രം 31 പേരുടെ മരണത്തിനിടയാക്കിയ ശൈത്യകാല കൊടുങ്കാറ്റ് ഒന്നടങ്ങിയെങ്കിലും പ്രദേശത്തെ താമസക്കാർക്കും അധികാരികൾക്കും വെല്ലുവിളികൾ അവസാനിച്ചിട്ടില്ല. കൊടുങ്കാറ്റിൽ ഒറ്റപ്പെട്ടുപോയവർക്കായി അധികൃതർ വീടുകളിലും കാറുകളിലും പരിശോധന നടത്തുന്നതിനാൽ മരണസംഖ്യ കുതിച്ചുയരുകയാണ്.
അമേരിക്കയിലെ മറ്റ് 11 സംസ്ഥാനങ്ങളിലായി 25 പേരെങ്കിലും കൊടുങ്കാറ്റിൽ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. "നിർഭാഗ്യവശാൽ, തെരുവിലും മഞ്ഞിനിടയിലും ഞങ്ങൾ മൃതദേഹങ്ങൾ കണ്ടെത്തുകയാണ്" എന്ന് എറി കൗണ്ടി എക്സിക്യൂട്ടീവ് മാർക്ക് പോളോൺകാർസ് പറഞ്ഞു. ന്യൂയോർക്ക് നാഷണൽ ഗാർഡിൽ നിന്നുള്ള നൂറ് മിലിട്ടറി പോലീസും ന്യൂയോർക്കിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള സ്റ്റേറ്റ് പോലീസും ചേർന്ന് എറി കൗണ്ടിയിലെ രക്ഷാപ്രവർനത്തിൽ ഏർപ്പെടുകയാണ്.
പോളോൺകാർസിന്റെയും നാഷണൽ ഗ്രിഡ് അമേരിക്കയിൽ നിന്നുമുള്ള ട്വിറ്റർ പോസ്റ്റുകൾ പ്രകാരം 7,000 ലധികം ജീവനക്കാർ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്നു. എറി കൗണ്ടിയിൽ മാത്രം 14,000 പേരുടെ വീടുകളിൽ വൈദ്യുതിയില്ല. കൂടാതെ വൈദ്യതിയും ഗതാഗതവും തടസപ്പെട്ടതോടെ പ്രദേശത്തെ ഡയാലിസിസ് ഉൾപ്പെടെയുള്ള അടിയന്തിര ചികിത്സകൾ ഉൾപ്പെടെ മുടങ്ങുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.
ക്രിസ്മസ് വാരാന്ത്യത്തിൽ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത വിധം ഉണ്ടായ കടുത്ത ഹിമപാതത്തെത്തുടർന്ന് ബഫല്ലോയിലെ റോഡുകളിൽ ഉടനീളം നൂറുകണക്കിന് വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗങ്ങളുടെയും മറ്റ് എമർജൻസി വാഹനങ്ങളുടെയും പ്രവർത്തങ്ങളെ തടസ്സപ്പെടുത്തിയാതായി ഒരു ഉദ്യോഗസ്ഥർ പറഞ്ഞു.
അടിയന്തിര സേവനത്തിന് എത്തുന്ന ആളുകൾ പാതകളിലെ വാഹനങ്ങൾ മാറ്റി മുന്നോട്ട് പോകാൻ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നതിനാൽ ബഫല്ലോയിൽ ഡ്രൈവിംഗ് നിരോധനം തുടരുമെന്ന് പോളൺകാർസ് വ്യക്തമാക്കി.
“ഇപ്പോൾ പൂർണ്ണമായി തടഞ്ഞിരിക്കുന്ന, പ്രവേശനമില്ലാത്ത ധാരാളം റോഡുകളുണ്ട്. ആളുകൾ ഈ റോഡുകളിൽ വാഹനമോടിക്കാൻ ശ്രമിക്കുന്നു. ദയവായി നിങ്ങൾ ആയിരിക്കുന്ന വീട്ടിൽ നിൽക്കൂ. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമാണെങ്കിൽ 911 എന്ന നമ്പറിൽ വിളിക്കുക" എന്നും പോളൺകാർസ് അഭ്യർത്ഥിച്ചു.
അതേസമയം ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേ, ഇന്റർസ്റ്റേറ്റ് 20, 990, റൂട്ടുകൾ 400, 219 എന്നിവയുൾപ്പെടെ പ്രധാന ഹൈവേകൾ വീണ്ടും തുറന്നതായി സംസ്ഥാന ഗതാഗത വകുപ്പിന്റെ റോച്ചസ്റ്റർ ഓഫീസ് അറിയിച്ചു.
പ്രതിസന്ധിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ന്യൂയോർക്കിൽ ഫെഡറൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ എറി, ജെനീസി കൗണ്ടികളിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ഫെഡറൽ വിഭാഗങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്തു.
വെള്ളപ്പൊക്കത്തിനുള്ള സാധ്യത
ന്യൂയോർക്കിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരമായ ബഫല്ലോയുടെ മുഴുവൻ ഭാഗവും 3 മുതൽ 4 അടി വരെ കനത്തിൽ മൂടപ്പെട്ടിരിക്കുന്നു. രക്ഷാപ്രവർത്തകർ മഞ്ഞ് നീക്കാൻ രാവും പകലും പ്രവർത്തിക്കുകയാണ്.
അതേസമയം ആഴ്ചയിൽ ബാക്കിയുള്ള ദിവസങ്ങളിൽ താപനില സാവധാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുമോയെന്ന ആശങ്കയിലാണ് പ്രാദേശിക ഉദ്യോഗസ്ഥർ. മഞ്ഞ് ഉരുകുന്നത് "അപൂർവ്വമായി വെള്ളപ്പൊക്കത്തിന് കാരണമാകുന്നു" എന്ന് ദേശീയ കാലാവസ്ഥാ സേവനത്തിന്റെ അഭിപ്രായപ്പെട്ടു.
ഈ പ്രദേശത്ത് നേരിയ മഴ പെയ്തേക്കാം എന്ന പ്രവചനമുണ്ട് . എന്നാൽ ഒരു ഇഞ്ച് മഴ പെയ്യുകയാണെങ്കിൽ മാത്രമാണ് വെള്ളപ്പൊക്കം ആശങ്കാജനകമായ രീതിയിൽ ഉണ്ടാകുകയുള്ളൂ എന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
എങ്കിലും വെള്ളപ്പൊക്ക സാധ്യത തടയാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് എറി കൗണ്ടിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് എമർജൻസി സർവീസസ് കമ്മീഷണർ ഡാനിയൽ നെവേർത്ത് പറഞ്ഞു. മഞ്ഞുരുകി ഉണ്ടാക്കുള്ള വെള്ളം ഡ്രെയിനേജ് വഴി കൃത്യമായി ഒഴുകി പോകുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കാരുണ്യച്ചൂട് പകരുന്ന ഒരു കാഴ്ച
ശൈത്യകാല കൊടുങ്കാറ്റിന്റെ മരവിപ്പിക്കുന്ന വാർത്തകൾക്കിടയിൽ കാരുണ്യത്തിന്റെ സ്നേഹത്തിന്റെ ചൂടുമായി ബഫലോയിൽ നിന്നുള്ള മറ്റൊരു കാഴ്ചയും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ആഞ്ഞടിച്ച കൊടുങ്കാറ്റിൽ തെരുവിൽ നിന്ന് സഹായത്തിനായി നിലവിളിച്ച 64 കാരന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് ഷക്കൈറ ഓട്രി എന്ന ബഫല്ലോയിലെ താമസക്കാരിയായിരുന്നു.
തന്റെ തെരുവിൽ ആരോ നിലവിളിക്കുന്നത് കേട്ട് താൻ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കൊടും തണുപ്പിൽ ഒരാൾ സഹായത്തിനായി അപേക്ഷിക്കുന്നത് കണ്ടു എന്ന് ഷക്കൈറ ഓട്രി പറയുന്നു. തുടർന്ന് ഓട്രിയുടെ നിർദേശപ്രകാരം അവളുടെ കാമുകൻ 64 കാരനായ ജോ വൈറ്റിനെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
വീട്ടിലെത്തിച്ച ഉടനെ ബ്ലോ ഡ്രയർ ഉപയോഗിച്ച് ജോ വൈറ്റിന്റെ ചുവന്ന് കുമിളകൾ വന്ന അവസ്ഥയിലായ കൈകളിലെ മഞ്ഞുരുകുകയും അദ്ദേഹത്തിന്റെ മോതിരം അഴിക്കാൻ "ഗ്രാസ് കട്ടർ" ഉപയോഗിക്കുകയും ചെയ്തുവെന്ന് ഫേസ്ബുക്ക് ലൈവ് സ്ട്രീമിലൂടെ ഓട്രി പറഞ്ഞു.
തുടർന്ന് സഹായത്തിനായി അടിയന്തിര സേന അംഗങ്ങളെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും ആരും വന്നില്ല. വൈദ്യ പരിചരണത്തെക്കുറിച്ച് യാതൊന്നും അറിയില്ലാത്തതിനാൽ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് താൻ വളരെ ആശങ്കാകുലയായെന്ന് ഓട്രി വിശദീകരിച്ചു.
എന്താണ് സംഭവിച്ചതെന്ന് പങ്കുവെക്കാനും സഹായത്തിനായി അഭ്യർത്ഥിക്കാനുമാണ് അവർ ഫേസ്ബുക്കിൽ എത്തിയത്. ഭയം മൂലം ഭ്രാന്തമായ അവസ്ഥയിൽ താൻ എത്തിയെന്ന് ഓട്രി പറഞ്ഞു. "ജോ വൈറ്റിന്റെ ശരീരം അതിവേഗം മാറുന്നതായി എനിക്ക് മനസിലായി. ഓരോ മണിക്കൂറിലും അദ്ദേഹത്തിന്റെ ശരീരം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു" ഓട്രി വ്യക്തമാക്കി.
കൊടുങ്കാറ്റ് ബഫല്ലോ മേഖലയെ മുഴുവനായും കനത്ത മഞ്ഞിൽ മൂടിയതിനാൽ അടിയന്തര സേന അംഗങ്ങൾക്ക് വാരാന്ത്യത്തിൽ മണിക്കൂറുകളോളം കോളുകളോട് പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. ആംബുലൻസുകളും രക്ഷാപ്രവർത്തകരും മഞ്ഞിൽ കുടുങ്ങിപ്പോയതായി എറി കൗണ്ടി ഉദ്യോഗസ്ഥർ പറഞ്ഞു.
ആരും സഹായിക്കാൻ വരാത്തതിനാൽ വൈറ്റിന്റെ ജീവനിൽ തനിക്ക് ഭയമുണ്ടെന്ന് ഓട്രി പറഞ്ഞു.
"ഞാൻ നാഷണൽ ഗാർഡിനെ വിളിച്ചു. 911 ലേക്ക് വിളിച്ചു. എല്ലാവരേയും വിളിച്ചു. എന്നാൽ എന്റെ കോൾ ഒരു ലിസ്റ്റിലാണെന്ന് അവർ എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത്തരം ഒരു സമയത്ത് ഒരു ലിസ്റ്റിൽ ഉൾപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല. ഈ മനുഷ്യൻ ഇവിടെ മരിക്കാൻ പാടില്ല.” എന്ന് ഓട്രി തന്റെ ലൈവ് സ്ട്രീമിൽ പറഞ്ഞു.
ഒടുവിൽ, തന്റെ അപേക്ഷകൾക്ക് ഉത്തരം ലഭിച്ചുവെന്ന് മണിക്കൂറുകൾക്ക് ശേഷമുള്ള മറ്റൊരു ലൈവ് സ്ട്രീമിൽ ഓട്രി വ്യക്തമാക്കി. ക്രിസ്തുമസ് രാത്രിയിൽ വൈറ്റിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു അതിൽ. "ഞാൻ അദ്ദേഹത്തോടൊപ്പം കാറിലുണ്ട്. കുറച്ച് നല്ല സമരിയാക്കാർ വന്ന് ഞങ്ങളെ പുറത്ത് പോകുന്നതിൽ സഹായിച്ചു" എന്ന് ഓട്രി വിശദീകരിച്ചു.
തന്റെ ആദ്യത്തെ ഫേസ്ബുക്ക് ലൈവ് സ്ട്രീം കണ്ടാണ് ഇവർ സഹായിക്കാൻ എത്തിയതെന്നും ഓട്രി കൂട്ടിച്ചേർത്തു.
ജോ വൈറ്റ് സുഖം പ്രാപിക്കുന്നു
ഞായറാഴ്ച രാത്രി ആശുപത്രിയിൽ എത്തിയ വൈറ്റ് ഇപ്പോൾ ഐസിയുവിൽ സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ഇവോൺ വൈറ്റ് പറയുന്നു. വളർച്ചാ വൈകല്യമുള്ള, അത്തരം ആളുകളുടെ ഒരു കൂട്ടത്തോടൊപ്പം താമസിക്കുന്ന തന്റെ ജ്യേഷ്ഠനെ ഓട്രി രക്ഷിച്ചപ്പോൾ അദ്ദേഹം തന്റെ ഫോൺ നമ്പർ ഓർത്തു എന്നത് ഒരു "അത്ഭുതം" ആണെന്ന് ഇവോൺ വൈറ്റ് പറഞ്ഞു.
ഇപ്പോൾ തനിക്ക് ഒരു സഹോദരിയും മൂന്ന് മരുമക്കളും ഉണ്ടെന്ന് തോന്നുന്നുവെന്ന് ഓട്രിയെയും അവളുടെ മക്കളെയും പരാമർശിച്ച് ഇവോൺ വൈറ്റ് കൂട്ടിച്ചേർത്തു.
ക്രിസ്‌മസ് രാവിൽ മഞ്ഞുവീഴ്‌ചയ്‌ക്കിടെ വൈറ്റിന് ദിശ തെറ്റിപ്പോയതായി വൈറ്റിന്റെ തൊഴിലുടമയായ റേ ബാർക്കർ പറഞ്ഞു. അവധിയാണെങ്കിലും ജോലിക്ക് പോകണമെന്ന് വൈറ്റ് കരുതിയിരിക്കാമെന്ന് ബാർക്കർ കൂട്ടിച്ചേർത്തു.
വൈറ്റ് ജോലി ചെയ്യുന്ന നോർത്ത് പാർക്ക് തിയേറ്ററിന്റെ പ്രോഗ്രാം ഡയറക്ടറാണ് ബാർക്കർ. അദ്ദേഹത്തെ 30 വർഷത്തിലേറെയായി അറിയാം. 1980 മുതൽ തിയേറ്ററിൽ ജോലി ചെയ്യുന്ന വൈറ്റ് ആണ് ഇവിടെ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്യുന്ന വ്യക്തി. "തിയേറ്റർ ശരിക്കും അദ്ദേഹത്തിന്റെ ജീവിതമാണ്" എന്നും ബാർക്കർ കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഹിമപാതം
ബഫലോയിലെ കൊടുങ്കാറ്റ് 1977 ലെ ഹിമപാതത്തേക്കാൾ ക്രൂരമായി കണക്കാക്കപ്പെടുന്നു. അന്നുണ്ടായ മഞ്ഞുവീഴ്ചയിൽ 23 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഹിമപാതം 37.5 മണിക്കൂർ നീണ്ടു നിന്നു.
എമർജൻസി, റിക്കവറി വാഹനങ്ങൾ പോലും മഞ്ഞിൽ കുടുങ്ങി. “രക്ഷാപ്രവർത്തകരെ രക്ഷപ്പെടുത്താൻ ഞങ്ങൾക്ക് രക്ഷാപ്രവർത്തകർ ഉണ്ടായിരുന്നു” ബഫല്ലോ ഡെപ്യൂട്ടി മേയർ ക്രിസ്റ്റൽ റോഡ്രിഗസ്-ഡാബ്‌നി പറഞ്ഞു.
നൂറുകണക്കിന് വാഹനങ്ങൾ ബഫല്ലോയിൽ മഞ്ഞുവീഴ്ചയിൽ ഉപേക്ഷിച്ചതായി ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് ആക്ടിംഗ് സൂപ്രണ്ട് സ്റ്റീവൻ നിഗ്രെല്ലി പറഞ്ഞു. അധികാരികൾ വീടുതോറും നടന്നും ഓരോ കാറുകളിലും ആളുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. റോഡുകൾ വൃത്തിയാക്കിയ ശേഷം, ക്ഷേമ പരിശോധനകൾക്ക് മുൻഗണന നൽകാൻ നിയമപാലകർ പദ്ധതിയിട്ടിട്ടുണ്ടെന്ന് എറി കൗണ്ടി ഷെരീഫ് ജോൺ ഗാർസിയ പറഞ്ഞിരുന്നു.
കൊടുങ്കാറ്റിൽ രാജ്യവ്യാപകമായി 50 ലധികം പേർ മരിച്ചു
പല സംസ്ഥാനങ്ങളിലായി കുറഞ്ഞത് 56 ശൈത്യകാല കൊടുങ്കാറ്റുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യൂയോർക്കിൽ എറി കൗണ്ടിയിലെ 31 മരണങ്ങൾക്ക് പുറമേ, നയാഗ്ര കൗണ്ടിയിൽ ഒരു കാർബൺ മോണോക്സൈഡ് വിഷബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊളറാഡോ സ്പ്രിംഗ്‌സിലെ വ്യാഴാഴ്ച മുതൽ തണുപ്പുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ പോലീസ് റിപ്പോർട്ട് ചെയ്തു. കൻസാസിൽ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചതായി ഹൈവേ പട്രോൾ അറിയിച്ചു.
സമാനമായി കെന്റക്കിയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒഹായോയിലാകട്ടെ അപകടങ്ങളിൽ ഒമ്പത് പേർ മരിച്ചു. മിസോറിയിൽ മഞ്ഞുമൂടിയ റോഡിൽ നിന്നും തണുത്തുറഞ്ഞ തോട്ടിലേക്ക് വാൻ തെന്നി മറിഞ്ഞ് ഒരാൾ മരിച്ചുവെന്ന് കൻസാസ് സിറ്റി പോലീസ് അറിയിച്ചു.
ഫ്രാങ്കോണിയയിൽ കാൽനടയാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യൂ ഹാംഷെയർ ഫിഷ് ആൻഡ് ഗെയിം ഡിപ്പാർട്ട്‌മെന്റ് വക്താവ് ലെഫ്റ്റനന്റ് ജെയിംസ് നീലാൻഡ് പറഞ്ഞു. സൗത്ത് കരോലിനയിൽ പൊട്ടിയ വാട്ടർ പൈപ്പ് ശരിയാക്കാൻ പുറത്തേക്ക് പോയ 91 വയസ്സുകാരനുൾപ്പെടെ രണ്ട് പേർ കൊടുങ്കാറ്റിലും മറ്റൊരാൾ വീട്ടിൽ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്നും മരിച്ചു.
ടെന്നസിയിൽ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട ഒരു മരണം സ്ഥിരീകരിച്ചു. കൂടാതെ വെർമോണ്ടിലെ കാസിൽടണിൽ ഒരു സ്ത്രീ വീടിന് മുകളിൽ മരം വീണ് മരിച്ചുവെന്നും പോലീസ് മേധാവി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.