കൊച്ചി : പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ കാശ് ചിലവാക്കേണ്ടതില്ലെന്നതും നിർമ്മാണത്തിനായി ഡിഎംആർസിയ്ക്ക് കാശ് നൽകേണ്ടി വരില്ലെന്നും ഇ.ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു. പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ ചുമതല ഡിഎംആർസി ഏറ്റെടുക്കാമെന്ന് അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം പറഞ്ഞത്.
പാലത്തിന്റെ നിർമ്മാണത്തിൽ ബാക്കി വന്ന 17 കോടി രൂപ ബാങ്കിലുണ്ട്. അതിലും കുറഞ്ഞ തുകയ്ക്ക് മേൽ കൊച്ചിയിൽ നാല് പാലങ്ങൾ ഡിഎംആർസി പണിതിട്ടുണ്ട്. അതിനാൽ ബാങ്കിൽ മിച്ചമുള്ള തുകയ്ക്ക് പണിയാനാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഇ. ശ്രീധരൻ നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആർസി കേരളത്തിലെ പ്രവർത്തനം ഈ മാസം 30ന് അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ സൂചിപ്പിച്ചിരുന്നു. ''ഇന്നലെ മുഖ്യമന്ത്രി വിളിച്ചപ്പോഴും സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഡിഎംആർസിയുടെ നേതൃത്വത്തിൽ പാലം പുനർനിർമിക്കുന്നതാണു നല്ലതെന്നും സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി''– ഇ. ശ്രീധരൻ മനോരമയോടു പറഞ്ഞു.
ജനങ്ങൾക്കും നാടിനും വേണ്ടി ഈ ചുമതല കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിഎംആർസിയിൽ നിന്നു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനിലേക്കു പോയ ചീഫ് എൻജിനീയർ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനിൽ തിരികെ കൊണ്ടുവരാനും നിർമാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8 – 9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.