ന്യൂഡല്‍ഹി: പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും പുതുവര്‍ഷത്തെ ആര്‍പ്പുവിളികളോടെയും വര്‍ണ വിസ്മയങ്ങളോടെയും വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപില്‍ ലോകം പുതുവര്‍ഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും നവവര്‍ഷമെത്തി. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവര്‍ഷമെത്തിയത്.
നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2023 -നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലന്‍ഡാണ്. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നഗരം 2023-നെ എതിരേറ്റു. ഹാര്‍ബര്‍ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങള്‍ എല്ലാം തന്നെ ദീപാലങ്കാരങ്ങളാല്‍ അലംകൃതമായിരുന്നു. ഓസ്‌ട്രേലിയയിലെ സിഡ്നിയും ഏറെ വര്‍ണാഭമായി പുതുവര്‍ഷത്തെ വരവേറ്റു.
പുതുവര്‍ഷത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ വലിയ ആവേശത്തോടെയാണ് ബോള്‍ ഡ്രോപ്പ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. യുഎഇയില്‍ മണിക്കൂറുകള്‍ നീണ്ട വര്‍ണ വിസ്മയങ്ങളോടെ 2023നെ വരവേറ്റു.
കേരളത്തിലും ആഘോഷത്തിമര്‍പ്പോടെയാണ് പുതു വര്‍ഷത്തെ വരവേറ്റത്. പാട്ട് പാടിയും നൃത്തച്ചുവടുകള്‍ കൊണ്ട് പുതുവര്‍ഷത്തെ വരവേറ്റു. എറണാകുളത്ത് ഫോര്‍ട്ട്‌കൊച്ചിയിലും തിരുവനന്തപുരത്ത് കോവളത്തും എറണാകുളത്ത് ഫോര്‍ട്ട് കൊച്ചിയിലും കോഴിക്കോട് ബീച്ചിലും ആഘോഷപ്പരിപാടികള്‍ നടന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടന്നത്. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട ആഘോഷമായിരുന്നു.
കോവളത്തെ ഡിജെ പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്നും പുറത്തുനിന്നും നൂറു കണക്കിനാളുകള്‍ എത്തിയിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ വിദേശികളടക്കം പതിനായിരങ്ങള്‍ കാര്‍ണിവല്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ സമയം 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ച് കൊച്ചി പുതുവത്സരത്തെ വരവേറ്റു. മിനിറ്റുകള്‍ നീണ്ട കരിമരുന്ന് പ്രകടനങ്ങളും ആഘോഷത്തിന്റെ ഭാഗമായി.
കോവിഡ് മഹാമാരിയുടെ നിഴല്‍വീണ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്ര വിപുലമായ പുതുവര്‍ഷാഘോഷം നടന്നത്. കോവിഡ് വാക്സിനേഷനും മാസ്‌കും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളോടെയാണ് മുന്‍വര്‍ഷങ്ങളില്‍ ആഘോഷം നടന്നത്. എന്നാല്‍ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ക്ക് ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.