ന്യൂഡല്‍ഹി: 2024ല്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി വരുന്നതിനോട് എതിര്‍പ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞ ദിവസം കമല്‍നാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ ചര്‍ച്ചയായ കാര്യത്തിലായിരുന്നു നിതീഷിന്റെ പ്രതികരണം. താന്‍ എന്തായാലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും നിതീഷ് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനോട് തുറന്ന് സമീപനമാണ് ഉള്ളതെന്നും നിതീഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് അവരുടെ നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് നിതീഷ് പറഞ്ഞു.
ബീഹാറില്‍ മഹാസഖ്യത്തിലെ കക്ഷികളിലൊന്നാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അവരുടെ നേതാവിനെ ഉയര്‍ത്തി കാണിക്കാം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച ശേഷം, എല്ലാ കാര്യങ്ങളും തീരുമാനിക്കാമെന്നും നിതീഷ് പറഞ്ഞു. രാഹുലിനെ ജെഡിയു പിന്തുണയ്ക്കുമോ എന്ന കാര്യത്തിലും ഇതായിരുന്നു നിതീഷിന്റെ മറുപടി.
എന്തായാലും താന്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഇല്ല. തനിക്ക് അത്തരം ആഗ്രഹങ്ങളില്ല. എന്നാല്‍ ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളെയും ഒന്നിപ്പിക്കുക എന്ന കാര്യത്തില്‍ നിന്ന് താന്‍ പിന്‍മാറില്ലെന്നും നിതീഷ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് സംസാരിച്ചത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ആയിരിക്കുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു. നേരത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ഇക്കാര്യം പറഞ്ഞ് രംഗത്തെത്തിയിരുന്നു.
രാഹുലിന്റെ നേതൃത്വത്തിന് കീഴില്‍ താന്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ്. ഈ രീതിയില്‍ പാര്‍ട്ടി വിജയം വരിക്കുമെന്നും ബാഗല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിനെ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി.
കോണ്‍ഗ്രസ് രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഒരുത്തരം നല്‍കിയിട്ടുമില്ല. തന്റെ ഫോക്കസ് അതില്‍ അല്ല എന്നാണ് രാഹുല്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പറഞ്ഞത്. രാഹുല്‍ ഭാരത് ജോഡോ യാത്രയിലൂടെ രാഷ്ട്രീയമല്ല ലക്ഷ്യമിടുന്നത്.
അതിലൂടെ അധികാരം നേടാനുമല്ല അദ്ദേഹത്തിന്റെ യാത്ര. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ യാത്രയെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കട്ടെ എന്ന നിലപാടിലാണ് രാഹുല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.