ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു

ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു

മുംബൈ: ടാറ്റ സണ്‍സ് മുന്‍ ഡയറക്ടറും മാനേജ്മെന്റ് വിദഗ്ധനും മലയാളിയുമായ ആര്‍.കെ. കൃഷ്ണകുമാര്‍ മുംബൈയില്‍ അന്തരിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ പല സുപ്രധാനമായ ഏറ്റെടുക്കലുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് തലശേരി സ്വദേശിയായ കൃഷ്ണകുമാര്‍. ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 

1963 ലാണ് കൃഷ്ണകുമാർ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിൽ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1965 ടാറ്റ ഗ്ലോബൽ ബിവറേജസിന്‍റെ ഭാഗമായ അദ്ദേഹം ടാറ്റ ടീ എന്ന് കമ്പനി രൂപമാറ്റം വരുത്തുന്നത് വരെ ഇതോടൊപ്പം പ്രവര്‍ത്തിച്ചു. 1982-ൽ സൗത്ത് ഇന്ത്യ പ്ലാന്റേഷൻസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു.

2000-ല്‍ 271 മില്യണ്‍ പൗണ്ടിന് ടെറ്റ്ലിയെ വാങ്ങിയതിലൂടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയായി ടാറ്റ ഗ്ലോബല്‍ ബിവറേജസിനെ മാറ്റാന്‍ സഹായിച്ചു. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 

രത്തന്‍ ടാറ്റയുടെ 'വലംകൈ' എന്നായിരുന്നു കൃഷ്ണകുമാറിനെ ദേശീയ ബിസിനസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. രത്തന്‍ ടാറ്റ കഴിഞ്ഞാല്‍ ടാറ്റാഗ്രൂപ്പിലെ ഏറ്റവും ശക്തനായിരുന്നു കൃഷ്ണകുമാര്‍. രത്തന്‍ ടാറ്റയുടെ മനസ്സറിഞ്ഞ സഹപ്രവര്‍ത്തകന്‍.

മാഹി സ്വദേശി ആര്‍.കെ. സുകുമാരന്റെയും തലശ്ശേരി മൂര്‍ക്കോത്ത് സരോജിനിയുടെയും മകനായി തമിഴ്‌നാട്ടിലെ പോത്തന്നൂരിലാണ് കൃഷ്ണകുമാര്‍ ജനിച്ചത്. ഐപിഎസുകാരനായിരുന്ന അച്ഛന്‍ ചെന്നൈ കമ്മിഷണറായായിരുന്നു. ചെന്നൈ ലയോള കോളേജില്‍നിന്ന് ബി.എ. പാസായി. പ്രസിഡന്‍സി കോളേജില്‍നിന്ന് എം.എ. ഇക്കണോമിക്‌സ് പാസായത് മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരത്തോടെ. ഇതോടെ കോളേജ് പ്രിന്‍സിപ്പലിന്റെ താത്പര്യപ്രകാരമാണ് കൃഷ്ണകുമാറിനെ ടാറ്റ നേരിട്ട് ജോലിക്കെടുത്തത്. 

സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന കോര്‍പ്പറേറ്റ് നേതാവായി വളര്‍ന്ന കൃഷ്ണകുമാര്‍ പ്രതിസന്ധികളില്‍ ടാറ്റാഗ്രൂപ്പിന്റെ ശക്തിയായി. താജ്‌ ഹോട്ടല്‍ ശൃംഖലകളുടെ കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ ടീ എന്നിവയ്ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ടാറ്റാ ഗ്രൂപ്പിനുവേണ്ടി ഒട്ടേറെ ഏറ്റെടുക്കലുകള്‍ക്ക് ചുക്കാന്‍ പിടിച്ചു. മൂന്നാറില്‍ തേയിലത്തോട്ടങ്ങളുടെ വികസനവും അവിടത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും മുന്‍കൈയെടുത്തു. കെ.കെ. വ്യക്തിഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്ന് രത്തന്‍ ടാറ്റതന്നെ പറഞ്ഞിട്ടുണ്ട്.

1997-ല്‍ അസമില്‍ ഉള്‍ഫാ തീവ്രവാദികള്‍ ടാറ്റ ടീ ജീവനക്കാരെ തടവിലാക്കിയപ്പോഴും 2008-ല്‍ മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ താജ്മഹല്‍ ഹോട്ടലില്‍ ആക്രമണം നടത്തിയപ്പോഴും പ്രശ്‌നപരിഹാരത്തിന് നേതൃത്വം നല്‍കിയത് കൃഷ്ണകുമാറായിരുന്നു. ഉള്‍ഫ തീവ്രവാദികള്‍ ടാറ്റ ടീയിലെ തൊഴിലാളികളെ ബന്ദികളാക്കിയപ്പോള്‍ ഭീഷണിക്കുവഴങ്ങാതെ ഇന്റലിജന്‍സിന്റെ സഹായത്തോടെ തൊഴിലാളികളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കി. അതോടെ 'ക്രൈസിസ് മാനേജര്‍' വിശേഷണവും നേടി.

കൃഷ്ണകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ടാറ്റ സൺസിന്റെ ഡയറക്ടർ ആയിരുന്ന അദ്ദേഹം ടാറ്റയുടെ വ്യത്യസ്ത സംരംഭങ്ങളെ നയിച്ച് കഴിവു തെളിയിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.