വത്തിക്കാൻ: ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പയുടെ (95) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകൾ നടക്കുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ കാർമ്മികത്വം വഹിക്കും.
600 വർഷത്തിനിടെ ആദ്യമായാണ് പദവിയിൽ തുടരുന്ന മാർപാപ്പ തന്റെ മുൻഗാമിയ്ക്കായി അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നിലവറയിൽ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്തയിടത്തിന് സമീപത്താകും ബെനഡിക്‌ട് പതിനാറാമന്റെ കല്ലറ.
കർദിനാൾ തിരുസംഘം ഡീൻ ജൊവാന്നി ബത്തിസ്തറെ കുർബാന അർപ്പിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്കാബാവാ, മാർ ആൻഡ്രൂസ് താഴത്ത്, മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവർ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കും.
ജർമ്മനിയിൽ നിന്ന് പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്‌ൻമെയർ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക്, പോളണ്ട് പ്രസിഡന്റ് ആൻഡ്രെ ഡ്യൂഡ, ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, സ്പെയിനിലെ സോഫിയ രാജ്ഞി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ തുടങ്ങിയ പ്രമുഖരും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും.
ബെനഡിക്‌ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ പൊതുദർശനം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഇന്നലെ ഇന്ത്യൻ സമയം രാത്രി 11.30 വരെ തുടർന്നു. ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. സംസ്കാര സമയം രാജ്യത്തെ സർക്കാർ കെട്ടിടങ്ങളിലെ ദേശീയ പതാക താഴ്‌ത്തിക്കെട്ടുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.