ഒരു ലക്ഷം ശമ്പളം വാങ്ങുന്നത് 2018 മുതല്‍; ഇപ്പോൾ വിവാദം ഉണ്ടാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമെന്ന് ചിന്ത ജറോം

ഒരു ലക്ഷം ശമ്പളം വാങ്ങുന്നത് 2018 മുതല്‍; ഇപ്പോൾ വിവാദം ഉണ്ടാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമെന്ന് ചിന്ത ജറോം

തിരുവനന്തപുരം: ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018 മുതല്‍ ഈ ശമ്പളം വാങ്ങി വരികെയാണെന്നും യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജറോം. ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ചു എന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണ്. ചട്ടങ്ങള്‍ മറികടന്ന് ഒരു രൂപപോലും ആവശ്യപ്പെട്ടിട്ടില്ലെന്നും ചിന്ത ജറോം പറഞ്ഞു. 

യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സനായി നിയമിതയാകുന്നത് 2016 ലാണ്. ആ സമയത്ത് വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിരുന്നില്ല. ചുമതലയേല്‍ക്കുമ്പോള്‍ രേഖകളില്‍ ഉണ്ടായിരുന്നത് സേവന വേതന വ്യവസ്ഥ സംബന്ധിച്ച് പിന്നീട് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നായിരുന്നു. 2017 ലാണ് അഡ്വാന്‍സ് എന്ന നിലയില്‍ 50,000 രൂപ അനുവദിച്ച് ഉത്തരവായത്. അതുവരെ ശമ്പളം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്.

2018 മെയ് 26-നാണ് കമ്മീഷന്റെ സേവന-വേതന വ്യവസ്ഥകളും മറ്റും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചട്ടം രൂപപ്പെടുത്തിയത്. ഇതു പ്രകാരം അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 2018 മുതല്‍ ഈ ശമ്പളമാണ് ഞാന്‍ കൈപ്പറ്റിയിരുന്നത്. 2023-ല്‍ ഈ വിവാദം കൊണ്ടുവന്നതെന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. 

ഈ വാര്‍ത്ത ആദ്യം വന്നത് സമൂഹ മാധ്യമങ്ങളിലാണ്. മുഖ്യധാരാ മാധ്യമങ്ങളും അതേറ്റുപിടിച്ചു. യാതൊരുതെളിവന്റേയും പിന്‍ബലമില്ലാത്ത അടിസ്ഥാനരഹിതമായ, തെറ്റിധരിപ്പിക്കുന്ന വാര്‍ത്തയാണിത്. 32 ലക്ഷം എനിക്ക് കിട്ടാന്‍ പോകുന്നുവെന്ന കണക്ക് എങ്ങനെയാണ് കൂട്ടിയതെന്ന് തനിക്കറിയില്ല. 

സ്ഥാനമേറ്റടുത്ത അന്നുമുതലുള്ള കണക്ക് കൂട്ടിയാല്‍ പോലും ഇത്രയും തുകയില്‍ എത്തില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. തന്റെ കൈയില്‍ 32 ലക്ഷം ഒരുമിച്ച് വന്നാല്‍ ആദ്യം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും കൊടുക്കും.

മുന്‍കാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന് താന്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, ചട്ടങ്ങള്‍ രൂപീകൃതമാകുന്നതിന് മുമ്പ് അഡ്വാന്‍സായി കൈപ്പറ്റിയ തുക സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടി യുവജന കമ്മീഷന്‍ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.