ബ്രസീലില്‍ കലാപം: സുപ്രീം കോടതിയും പാര്‍ലമെന്റും ആക്രമിച്ചു; സൈന്യത്തെ വിന്യസിച്ച് സര്‍ക്കാര്‍

ബ്രസീലില്‍ കലാപം: സുപ്രീം കോടതിയും പാര്‍ലമെന്റും ആക്രമിച്ചു; സൈന്യത്തെ വിന്യസിച്ച് സര്‍ക്കാര്‍

ബ്രസീലിയ: ബ്രസീൽ പാർലമെന്റിനും സുപ്രീം കോടതിയ്ക്കും നേരെ ആക്രമണം. മുൻ പ്രസിഡന്റ് ബൊൽസൊനാരോയുടെ അനുകൂലികളാണ് സംഭവത്തിന് പിന്നിൽ. ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി ആശങ്ക സൃഷ്ടിക്കുന്നത്. 

ബ്രസിൽ തലസ്ഥമായ ബ്രസിലീയയിൽ പ്രസിഡന്റ് ലൂല ഡസിൽവയുടെ കൊട്ടാരവും ആക്രമിച്ചു. രണ്ട് വർഷം മുൻപ് അമേരിക്കയിൽ ജോ ബൈഡന്റെ ജയം അംഗീകരിക്കാൻ തയാറാകാതെ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് സമാന ആക്രമണമാണ് ബ്രസീലിലും നടക്കുന്നത്.

മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല ഡ സിൽവ പ്രതികരിച്ചു. കലാപം നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. 

ജനുവരി ഒന്നിനാണ് ബ്രസീൽ പ്രസിഡന്റായി ലുല ചുമതലയേറ്റത്. തോൽവി അംഗീകരിക്കാൻ തയ്യാറാകാതെ ജൈർ ബൊൽസൊനാരോ രാജ്യം വിട്ടിരുന്നു. ബൊൽസൊനാരോ ഇപ്പോൾ ഫ്ലോറിഡയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഒക്‌ടോബർ 30ന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ബൊൽസൊനാരോയെ കഷ്ടിച്ച് പരാജയപ്പെടുത്തിയതു മുതൽ ലുലയെ അധികാരത്തിലേറ്റുന്നത് തടയാൻ സൈനിക ഇടപെടൽ ആവശ്യപ്പെട്ട് ഹാർഡ്‌ലൈൻ ബോൾസോനാരോ അനുകൂലികൾ ബ്രസീലിലെ സൈനിക താവളങ്ങൾക്ക് പുറത്ത് പ്രതിഷേധിച്ചു വരികയാണ്. ഒടുവിൽ ലുല അധികാരമേറ്റ് എട്ടാം ദിവസമാണ് ബ്രസീലിനെ ഞെട്ടിച്ച അതിക്രമം.

രാജ്യത്തിൻ്റെ അധികാരം പിടിച്ചെടുക്കാൻ ബ്രസീൽ സൈന്യത്തോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഇൻ്റർവെൻഷൻ എന്നൊരു പതാകയും പ്രതിഷേധക്കാർ ബ്രസിൽ പാർലമെൻ്റ് മന്ദിരത്തിന് മുകളിൽ ഉയർത്തിയിട്ടുണ്ട്. 

കലാപകാരികൾ വാതിലുകളും ജനലുകളും തകർത്ത് കോൺഗ്രസ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതും പിന്നീട് കൂട്ടത്തോടെ അകത്തേക്ക് ഇരച്ചു കയറി സഭാംഗങ്ങളുടെ ഓഫീസുകൾ ആക്രമിക്കുന്നതും അടക്കുള്ള ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതിക്രമത്തിന് പിന്നാലെ അതീവസുരക്ഷാമേഖല വളഞ്ഞ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ച് അക്രമികളെ തുരത്താനുള്ള ശ്രമത്തിലാണ്.

എന്നാൽ ഇതു ഫലപ്രദമായിട്ടില്ല. ഒരു എഎഫ്‌പി ഫോട്ടോഗ്രാഫർ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് മാധ്യമപ്രവർത്തകരെങ്കിലും ഇതിനോടകം ആക്രമിക്കപ്പെട്ടതായി ബ്രസീൽ പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.

കലാപകാരികൾ കൈയ്യടക്കിയ തന്ത്രപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം സുരക്ഷാസേന തിരിച്ചു പിടിച്ചിട്ടുണ്ട്. പാർലമെന്‍റ് മന്ദിരം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 200ലധികം വരുന്ന അക്രമികളെ പൊലീസ് പിടികൂടിയുണ്ട്. ഇവിടേയ്ക്ക് ഇവരെ എത്തിച്ച 40 ബസുകളും പൊലീസ് പിടിച്ചെടുത്തു.

ലോക രാജ്യങ്ങളും ഈ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തിന് നേരെ നടന്ന ആക്രമണമെന്നാണ്അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം. ബ്രസീലിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരോട് സുരക്ഷിതരായിരിക്കാനും രാജ്യം വിടാനും അമേരിക്കൻ എംബസി നിർദേശം നൽകി. ബ്രിട്ടണും ആക്രമണത്തെ അപലപിച്ചു. ഒപ്പം എല്ലാ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ലുല ഡ സിൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.