കീവ്: ക്രിസ്തുമസിനോടനുബന്ധിച്ച് പ്രഖ്യാപിച്ച വെടി നിര്‍ത്തല്‍ അവസാനിച്ചതിനു പിന്നാലെ കിഴക്കന്‍ ഉക്രെയ്നില്‍ വന്‍ ആക്രമണം നടത്തി റഷ്യ. 600 സൈനികരെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. അതേസമയം റഷ്യയുടേത് വെറും അവകാശവാദം മാത്രമാണെന്ന് ക്രമാടോര്‍സ്‌ക് മേയര്‍ പ്രതികരിച്ചു.
കിഴക്കന്‍ യുക്രെയ്‌നിലെ ക്രമറ്റോര്‍സ്‌കിനു നേരെയാണ് റോക്കറ്റ് ആക്രമണം നടന്നത്. യുക്രെയ്ന്‍ സൈനികര്‍ താമസിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം.
ഡോണെറ്റ്‌സ്‌ക് മേഖലയിലെ മക്കിവ്കയിലെ റഷ്യന്‍ ബാരക്കുകള്‍ക്കു നേരെ കഴിഞ്ഞ ദിവസം യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണിത്. മറ്റ് യുക്രെയ്ന്‍ നഗരങ്ങളിലും റഷ്യ കനത്ത ബോംബാക്രമണം നടത്തി. ബഖ്മുട്ടില്‍ കനത്ത പോരാട്ടം തുടരുന്നുണ്ട്.
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്ന വെള്ളി രാവിലെ മുതല്‍ ശനി ഉച്ച വരെ ആയിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍. യുക്രെയ്ന്‍ ഇത് അംഗീകരിച്ചിരുന്നില്ല. വിജയം നേടും വരെ ആക്രമണം ശക്തമായി തുടരുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കടുത്ത തണുപ്പു മൂലം ജനം വലയുന്നതിനിടെയാണ് ആക്രമണം. യുക്രെയ്‌നിന്റെ പല ഭാഗങ്ങളിലും രാത്രി താപനില മൈനസ് 15-17 ഡിഗ്രി സെല്‍ഷ്യസാണ്. കൂടുതല്‍ സൈനികരെ റഷ്യ ബെലാറൂസ് അതിര്‍ത്തിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതേസമയം, യുക്രെയ്‌നും റഷ്യയും തടവിലാക്കിയിരുന്ന 50 സൈനികരെ പരസ്പരം കൈമാറി. മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് 50 റഷ്യന്‍ തടവുകാരെ യുക്രെയ്ന്‍ വിട്ടയച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പകരം 50 തടവിലായിരുന്ന 50 യുക്രെയ്ന്‍ സൈനികരെ റഷ്യയും വിട്ടയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.