ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പഞ്ചാബില്‍. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പഞ്ചാബ് പൊലീസ് രാഹുലിനു സുരക്ഷ ഒരുക്കിയിരിക്കുന്നത്.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും എഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും യാത്രയിലുടനീളം ഡ്യൂട്ടിയിലുണ്ട്. എട്ട് ദിവസമാണ് അദ്ദേഹത്തിന്റെ പദയാത്ര പഞ്ചാബിലൂടെ കടന്നുപോകുക.
എഡിജിപി എസ്.എസ് ശ്രീവാസ്തവയാണ് മേല്‍നോട്ട ഉദ്യോഗസ്ഥന്‍. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്‍സ്പെക്ടര്‍ ജനറലിനും എല്ലാ ജില്ലകളിലെയും മുതിര്‍ന്ന പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യാത്രയ്ക്ക് പ്രത്യേക പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജിപി) സുഖ്ചെയിന്‍ ഗില്‍ പറഞ്ഞു. എത്ര പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഐജിപി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഞ്ചാബ് പൊലീസിന്റെ 150 പേരെങ്കിലും അദ്ദേഹത്തിനു സമീപം ഉണ്ടാകും.
നേരത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ കാണാന്‍ പഞ്ചാബ് പൊലീസ് രാജസ്ഥാനിലേക്കും ഹരിയാനയിലേക്കും ടീമുകളെ അയച്ചിരുന്നു. കൂടാതെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുടനീളം സുഗമമായി കടന്നുപോകുന്നതിന് ട്രാഫിക് പൊലീസ് വിവിധ ചോക്ക് പോയിന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ ഗതാഗതം സുഗമമാക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്യാന്‍ ജില്ലാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പ്രവേശിക്കുന്നത് തടയാന്‍ 100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) പോലുള്ള ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണികള്‍ ഉയര്‍ന്നിരുന്നു.
പഞ്ചാബില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് സംഘടന ഒരു വീഡിയോ സന്ദേശത്തില്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഭാരത് ജോഡോ യാത്രയിലുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.
സുരക്ഷയില്‍ പലതവണ വിട്ടുവീഴ്ചയുണ്ടായെന്നും, തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും രാഹുല്‍ ഗാന്ധിക്ക് ചുറ്റും ഒരു വലയം നിലനിര്‍ത്തുന്നതിലും ഡല്‍ഹി പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും വേണുഗോപാല്‍ ആരോപിച്ചിരുന്നു.
ഇന്ന് ശംഭു അതിര്‍ത്തിയിലൂടെ പഞ്ചാബില്‍ പ്രവേശിക്കുന്ന യാത്ര ഫത്തേഗഡ് സാഹിബിലേക്ക് പോകും. ലോഹ്രി ഉത്സവം ആഘോഷിക്കുന്ന ജനുവരി 13 ന് ഒരു ദിവസത്തെ ഇടവേളയുണ്ടാകുമെന്നും പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ജനുവരി 19ന് പത്താന്‍കോട്ടില്‍ യാത്ര സമാപിക്കും. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.