ന്യൂഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റില്‍ റെയില്‍വേ വികസനത്തിനായി വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റില്‍ ഹൈഡ്രജന്‍ ട്രെയിനുകളെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇരുപതോളം ഹൈഡ്രജന്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കുവാനാണ് റെയില്‍വേ മന്ത്രാലയം ആലോചിക്കുന്നത്.
ഹൈഡ്രജന്‍ ട്രെയിനുകളുടെ പ്രഖ്യാപനം വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാവുമെന്നാണ് കരുതിയതെങ്കിലും പദ്ധതി എത്രയും വേഗം പ്രാവര്‍ത്തികമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ബജറ്റില്‍ തന്നെ ഉള്‍ക്കൊള്ളിക്കാന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണിത്.
മേക്ക് ഇന്‍ പദ്ധതിയില്‍പ്പെടുത്തി ഇതിന് സ്വന്തമായി സാങ്കേതിക വിദ്യ വികസിപ്പിക്കും. നിലവില്‍ ചൈനയിലും ജര്‍മ്മനിയിലും ഓടുന്ന ഹൈഡ്രജന്‍ ട്രെയിനുകളുടെ മാതൃകയിലാവും പദ്ധതി. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ നാരോ ഗേജ് ഹെറിറ്റേജ് റൂട്ടുകളിലാവും ഹൈഡ്രജന്‍ പവര്‍ ട്രെയിനുകള്‍ ഓടുക. ഈ ഡിസംബറോടെ ട്രെയിനുകള്‍ പുറത്തിറക്കാനാണ് പദ്ധതി.
ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ, മാഥേരന്‍ ഹില്‍ റെയില്‍വേ, കാന്‍ഗ്ര വാലി, ബില്‍മോറ വാഘായി, മാര്‍വാര്‍, ദേവ്ഗഢ് മദ്രിയ എന്നിവടങ്ങളിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ പൈതൃക റൂട്ടുകള്‍.
ഈ റൂട്ടുകളെല്ലാം നാരോ ഗേജ് ആണ്. നിലവില്‍ ഡീസല്‍ എഞ്ചിനുകളിലാണ് സര്‍വീസ്. 2023 ഡിസംബര്‍ മുതല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ പൈതൃക റൂട്ടുകളില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു.
നിലവില്‍ ഇന്ത്യയിലോടുന്ന ഭൂരിഭാഗം ട്രെയിനുകളും ഡീസല്‍ അല്ലെങ്കില്‍ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലും കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ നിര്‍ണായക പങ്ക് വഹിക്കും. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്.
ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് പുറമേ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരതിനും ബജറ്റില്‍ പ്രാമുഖ്യം ലഭിക്കും. സ്വതന്ത്ര ദിനത്തിന് മുന്‍പായി 75 വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഓടിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഈ ലക്ഷ്യം ഇനിയും അകലെയാണ്. ഇതുവരെ ഏഴ് ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.