ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം: ഇതുവരെ തകര്‍ന്നത് 723 കെട്ടിടങ്ങള്‍; വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുന്നു

 ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം: ഇതുവരെ തകര്‍ന്നത് 723 കെട്ടിടങ്ങള്‍; വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുന്നു

ന്യൂഡല്‍ഹി: ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. എത്രയും വേഗത്തില്‍ പ്രദേശത്തെ മുഴുവന്‍ താമസക്കാരെയും ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍. അതി സങ്കീര്‍ണമായ സാഹചര്യമുള്ള നാല് വാര്‍ഡുകളില്‍ പൂര്‍ണമായും പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നീ വാര്‍ഡുകളിലാണ് പ്രവേശനം നിരോധിച്ചത്. വിള്ളല്‍ വീണ് വാസയോഗ്യമല്ലാതായ കെട്ടിങ്ങളില്‍ ജില്ലാ ഭരണകൂടം ചുവന്ന മാര്‍ക്ക് രേഖപ്പെടുത്തി.

ഇതുവരെ 723 വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് 131 കുടുംബങ്ങളെ താത്കാലികമായി മാറ്റി പാര്‍പ്പിച്ചു. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന 10 കുടുംബങ്ങള്‍ക്ക് 1.30 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ദുരിത ബാധിതരായ കുടുംബങ്ങള്‍കക്ക് ആവശ്യാനുസരണം ഭക്ഷ്യക്കിറ്റുകളും പുതപ്പുകളും വിതരണം ചെയ്തു.

ഇതിനിടയില്‍ ജനങ്ങളുടെ പ്രതിഷേധവും ആരംഭിച്ചു. ഒരാളുടെ ആജീവനാന്ത വരുമാനത്തിന് 1.3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനോട് ആളുകള്‍ യോജിക്കുന്നില്ല. പല സ്ത്രീകളും തെരുവില്‍ ഇരിക്കുന്നു. അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമേ കെട്ടിടങ്ങള്‍ പൊളിക്കാന്‍ അനുവദിക്കൂ എന്നാണ് ജനങ്ങളുടെ ആവശ്യം.

അതിനിടെജോഷിമഠിലെ സിഗ്ദാര്‍ വാര്‍ഡിലെ റോഡിലെ ഹോട്ടലുകള്‍ ഇന്ന് പൊളിച്ച് നീക്കും.ഭൂമി പിളര്‍ന്നതിനെത്തുടര്‍ന്നു രണ്ട് ഹോട്ടലുകള്‍ ചെരിഞ്ഞു കൂട്ടിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. പൊളിക്കലിനെതിരെ ഹോട്ടലുടമയും കുടുംബവും സമരം തുടങ്ങി. സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നഷ്ടപരിഹാരം സംബന്ധിച്ച ഉറപ്പു തരാതെയാണ് നടപടിയെന്നും ഇവര്‍ പറയുന്നു. ഈ സ്ഥലത്തേക്കുള്ള വൈദ്യുതിവിതരണം നിര്‍ത്തിവച്ചതോടെ സമീപത്തെ 500 വീടുകളിലും വൈദ്യുതി മുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.