ന്യൂയോര്‍ക്ക്: കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കയില്‍ ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മിഷണറാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി (സി.പി.എസ്.സി) വിഭാഗം. വിഷയത്തില്‍ പൊതുജനാഭിപ്രായം തേടാന്‍ ഏജന്‍സി ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നു. ഗാസ് സ്റ്റൗ ഉപയോഗം മറഞ്ഞിരിക്കുന്ന വിപത്താണെന്നാണ് സി.പി.എസ്.സി ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷണര്‍ റിച്ചാര്‍ജ് ട്രംക ബ്ലൂംബര്‍ഗിനോട് പറഞ്ഞത്.
2022 ഡിസംബറില്‍ ഇന്റേണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ഗാസ് സ്റ്റൗവിന്റെ ഉപയോഗം കുട്ടികളിലുള്ള ആസ്മയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. അമേരിക്കയില്‍ കുട്ടികളിലെ ആസ്മയുടെ 13 ശതമാനം ഗ്യാസ് ഉപയോഗം മൂലമാണെന്നാണ് പഠനത്തില്‍ പറയുന്നത്.
ഗ്യാസ് സ്റ്റൗവുകളില്‍നിന്ന് ഗണ്യമായ അളവില്‍ നൈട്രജന്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ പുറംതള്ളുന്നുണ്ടെന്നും കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കില്‍ ഇവ ദോഷകരമായി തീരുമെന്നും പഠനത്തില്‍ പറയുന്നു. അല്‍പ നേരം നൈട്രജന്‍ ഡയോക്സൈഡ് ശ്വസിച്ചാല്‍ കുട്ടികളിലെ ആസ്മ കലശലാകും. കൂടുതല്‍ നേരം നൈട്രജന്‍ ഡയോക്സൈഡുമായി സമ്പര്‍ക്കത്തില്‍ വരുന്നതോടെ രോഗം മൂര്‍ച്ഛിക്കാനും ഇടവരും. ഹൃദയ സംബന്ധമായ അസുഖങ്ങളും വര്‍ധിപ്പിക്കുന്നു.
കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 35 ശതമാനം വീടുകളില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നുണ്ട്. കാലിഫോര്‍ണിയ, ന്യൂ ജേഴ്സി പോലുള്ള സംസ്ഥാനങ്ങളില്‍ 70 ശതമാനത്തോളം ആളുകളും ഗ്യാസ് സ്റ്റൗവിനെയാണ് ആശ്രയിക്കുന്നത്. യുഎസിലെ ബെര്‍ക്ലി, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് സിറ്റി പോലുള്ള നഗരങ്ങളിലെ പുതിയ കെട്ടിടങ്ങളില്‍ പ്രകൃതിദത്ത വാതകങ്ങള്‍ ഉപയോഗിക്കുന്നത് ഇതിനോടകം തന്നെ നിരോധിച്ച് കഴിഞ്ഞു.
രാജ്യത്തെ വലിയൊരു ശതമാനവും പാചകത്തിനായി ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഗ്യാസ് സ്റ്റൗവ് നിരോധനത്തിലൂടെ ഇല്ലാതാകുന്നത്. അതേസമയം തന്നെ, ഗ്യാസ് സ്റ്റൗ നിരോധിച്ചാലും മറ്റ് പാചകരീതികള്‍ മൂലവും വീടിനകത്ത് അന്തരീക്ഷ മലിനീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗ്യാജ് ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജില്‍ നോട്ടിനി പറഞ്ഞത്. ഗ്യാസ് മാറ്റി, പകരം ഇലക്ട്രിക് രീതിയിലേക്ക് മാറുന്നത് ചെലവേറിയ പ്രക്രിയയാകുമെന്ന് അമേരിക്കന്‍ ഗ്യാസ് അസോസിയേഷനും ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതിന് മറുവാദമുണ്ട്. ബൈഡന്‍ അനുമതി നല്‍കിയ ഇന്‍ഫ്ളേഷന്‍ റിഡക്ഷന്‍ ആക്ട് പ്രകാരം ഇലക്ട്രിക് സ്റ്റൗവ് വാങ്ങുന്ന ഉപഭോക്താവിന് 840 ഡോളറിന്റെ സബ്സിഡി ലഭിക്കും. ഒപ്പം ഗ്യാസില്‍ നിന്ന് ഇലക്ട്രിക് സ്റ്റൗവിലേക്ക് മാറുന്ന ഉപഭോക്താവിന് 500 ഡോളറിന്റെ ധനസഹായവും നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.