അമേരിക്കയിലെ കെമിക്കല്‍ പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി; പ്രദേശം മൂടി ഇരുണ്ട പുക; പ്രദേശവാസികളെ ഒഴിപ്പിച്ചു

അമേരിക്കയിലെ കെമിക്കല്‍ പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി; പ്രദേശം മൂടി ഇരുണ്ട പുക; പ്രദേശവാസികളെ ഒഴിപ്പിച്ചു

സ്പ്രിംഗ്ഫീല്‍ഡ്: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ ലാ സല്ലെ മേഖലയില്‍ കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ ഇരുണ്ട പുക വ്യാപിച്ചു. താമസക്കാരോട് അടിയന്തരമായി മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ലാ സല്ലെ മേയര്‍ ജെഫ് ഗ്രോവ് നിര്‍ദേശം നല്‍കി. സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാരസ് കെമിക്കല്‍ പ്ലാന്റില്‍ പ്രാദേശിക സമയം ബുധനാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ ന്യൂസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്ലാന്റിലെ തൊഴിലാളികളെ ഉടന്‍ ഒഴിപ്പിച്ചു. പ്ലാന്റിന്റെ അടുത്തുള്ള മൂന്ന്, മൂന്ന് വാര്‍ഡുകളിലെ താമസക്കാരോടാണ് തല്‍ക്കാലം മറ്റൊരു സ്ഥലത്ത് അഭയം തേടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി പ്ലാന്റിലെ തീപിടിത്തം നിരീക്ഷിച്ചു വരികയാണെന്ന് മേയര്‍ ജെഫ് ഗ്രോവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കെമിക്കല്‍ ചോര്‍ച്ചയുടെ പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കുമെന്ന് അഗ്‌നിശമനസേനാ മേധാവി പറഞ്ഞു.

അതേസമയം തീ നിയന്ത്രണ വിധേയമാക്കിയതായി ഒരു ഫേസ്ബുക്ക് അപ്ഡേറ്റില്‍ മേയര്‍ അറിയിച്ചു. കുടിവെള്ളം ശുദ്ധീകരിക്കാനുള്ള വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതാണ് കാരസ് കെമിക്കല്‍ കമ്പനി.

പൊട്ടാസ്യം പെര്‍മാങ്കനേറ്റാണ് അന്തരീക്ഷത്തിലേക്കു ചോര്‍ന്നത്. ഇത് ശരീരവുമായി സമ്പര്‍ക്കമുണ്ടായാല്‍ പൊള്ളലുണ്ടാകാനിടയുണ്ട്. ശ്വസനത്തിനും ബുദ്ധിമുട്ടുണ്ടാകും. പദാര്‍ത്ഥം ശരീരത്തില്‍ വീണാല്‍ വെള്ളം ഉപയോഗിച്ച് കഴുകി കളയണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയിലെ റോബര്‍ട്ട് കോണ്ട്രെക്ക് പറഞ്ഞു. സമീപമുള്ള വെര്‍മില്യണ്‍ നദിയിലേക്ക് രാസവസ്തുക്കള്‍ ഒഴുകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.