വത്തിക്കാന്‍: വ്യാജ ആരോപണങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുമ്പോഴും തളരാതെ സ്ഥിരോത്സാഹത്തോടെ തന്റെ കര്‍ത്താവിനെ അനുഗമിച്ച വിശ്വസ്ത ദാസനായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് പെല്‍ എന്ന് ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ ദിവസം റോമില്‍ അന്തരിച്ച ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ അനുസ്മരിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് സഭയോടുണ്ടായിരുന്ന സമര്‍പ്പണത്തെയും സാക്ഷ്യത്തെയും വിശ്വാസത്തെയും മാര്‍പ്പാപ്പ സന്ദേശത്തിലൂടെ എടുത്തുകാട്ടി.
'സ്ഥിരോത്സാഹവും പ്രതിബദ്ധതയുമുള്ള സാക്ഷിയായിരുന്നു കര്‍ദിനാള്‍ പെല്‍. സുവിശേഷത്തിനും സഭയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും, പ്രത്യേകിച്ച് നിശ്ചയദാര്‍ഢ്യത്തോടെയും ദീര്‍ഘ വീക്ഷണത്തോടെയും അദ്ദേഹം വത്തിക്കാനില്‍ അടിത്തറ പാകിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പരിശുദ്ധ സിംഹാസനം നന്ദിയുള്ള ഹൃദയത്തോടെ ഓര്‍ക്കുന്നു' - മാര്‍പ്പാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു.
കര്‍ദിനാള്‍ സ്വര്‍ഗത്തിന്റെ സന്തോഷത്തിലേക്ക് സ്വീകരിക്കപ്പെടാനും അദ്ദേഹത്തിന് ശാശ്വത സമാധാനം ലഭിക്കാനും പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു.
2014-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച 'വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ദി എക്കോണമി'യുടെ ആദ്യ തലവനായിരുന്നു കര്‍ദിനാള്‍ പെല്‍. ഇടുപ്പ് മാറ്റവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഹൃദയസംബന്ധമായ സങ്കീര്‍ണതകളെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് 81 വയസുള്ള കര്‍ദിനാള്‍ പെല്ലിന്റെ അന്ത്യം സംഭവിച്ചത്.
കര്‍ദിനാളിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന്റെ സഹോദരന്‍ ഡേവിഡ് പെല്ലിന് തന്റെ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തു.
സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ പെല്ലിന്റെ അനുസ്മരണ കുര്‍ബാന നടക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസി പറഞ്ഞു. പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രലിന്റെ നിലവറയില്‍ അടക്കം ചെയ്യുമെന്ന് സഭാ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു.
മരണശേഷവും തുടരുന്ന നീതി നിഷേധം
കര്‍ദിനാളിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നിരപരാധിയാണെന്നു തെളിഞ്ഞതിനെതുടര്‍ന്ന് ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി കുറ്റവിമുക്തനാക്കിയിട്ടും മരണശേഷം അദ്ദേഹത്തിന് ജന്മനാട്ടില്‍ അവഗണന. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്‌ടോറിയയിലെ ബല്ലാരത്താണ് അദ്ദേഹത്തിന്റെ ജന്മദേശം. എന്നാല്‍ കര്‍ദിനാളിന്റെ സ്ഥാനത്തിന് അനുസൃതമായി സംസ്ഥാന ബഹുമതികളോടെയുള്ള മൃതസംസ്‌കാര ചടങ്ങുകളോ അനുസ്മരണ പരിപാടികളോ ഉണ്ടാകില്ലെന്ന് വിക്‌ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തിനെ ഹനിക്കുന്ന നിരവധി നിയമ നിര്‍മാണങ്ങള്‍ നടപ്പാക്കുന്നതില്‍ പേരു കേട്ട വിക്‌ടോറിയ സംസ്ഥാനത്തിന്റെ ഭരണകൂടത്തില്‍നിന്ന് ഇത്തരമൊരു തീരുമാനം വന്നതില്‍ അതിശയിക്കാനില്ലെന്ന് വിശ്വാസികള്‍ പറയുന്നു.
വ്യാജ ആരോപണങ്ങളുടെ പേരില്‍ തന്റെ ഉറ്റ സുഹൃത്തിന്റെ പേര് കളങ്കപ്പെട്ടുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.